പാർലെമൻറിൽ ദിവസങ്ങൾക്ക് മുമ്പ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല നടത്തിയ വികാരം വഴിയുന്ന പ്രഭാഷണം നെഞ്ചേറ്റി സമൂഹ മാധ്യമങ്ങൾ. കശ്മീരും കാർഷിക നിയമങ്ങളും വിഭജന രാഷ്ട്രീയവും നാനാത്വത്തിൽ ഏകത്വവും തുടങ്ങി നിലവിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കു പിന്നിലെ വിഭാഗീയ മനസ്സ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് അബ്ദുല്ല സംസാരിക്കുന്നത്. പാർലെമൻറിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദിയറിയിച്ചായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ ഇംഗ്ലീഷ് മേെമ്പാടിയായി ചേർത്ത് ഹിന്ദിയിൽ നടത്തിയ മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള പ്രസംഗം. ചില പരാമർശങ്ങൾ ഭരണകക്ഷിയെ ചൊടിപ്പിക്കുകയും ഇടപെടലുകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആവേശത്തോടെയാണ് സദസ്സ് ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾക്ക് ചെവിയോർക്കുന്നത്.
പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ താഴെ:
ഈ രാജ്യം ഞങ്ങളുടെതുകൂടിയാണ്. ഞങ്ങളെ നിങ്ങൾ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. നമ്മുടെ ത്രിവർണ പതാക സംരക്ഷിക്കാൻ മന്ത്രിമാരും പ്രവർത്തകരും മറ്റുള്ളവരുമായി 1,500 പേരെയെങ്കിലും എെൻറ പാർട്ടി രക്തസാക്ഷിത്വം നൽകിയിട്ടുണ്ട്. എന്നിട്ടും പാകിസ്താനിയെന്നു വിളിക്കുകയാണ് നിങ്ങൾ. ചിലർ ഖലിസ്താനികളും ചൈനക്കാരുമാക്കുന്നു.
അതിൽ എനിക്ക് വേദനയുണ്ട്. ഒരു കാര്യം പറയാതെ വയ്യ. എനിക്ക് ഇവിടെ മരിക്കണം. ജീവിതവും ഇവിടെത്തന്നെയാകും. അതും എഴുന്നുനിന്നുതന്നെ ജീവിക്കണം. ഒളിവിലായി നിൽക്കുന്നവനല്ല ഞാൻ. ഒരു ദൈവമേ നമ്മൾക്കുള്ളൂ. അവനു മുമ്പിലാണ് എനിക്ക് മറുപടി നൽകാനുള്ളത്.
കശ്മീരിലെ ജനങ്ങളെയും നാം നെഞ്ചേറ്റണം. ഇന്ത്യയുടെ രാജകിരീടമായിരുന്ന സംസ്ഥാനത്തെ, മുസ്ലിംകൾക്ക് അവരുടെ ഇടം കാണിച്ചുനൽകാനായി നിങ്ങൾ രണ്ടായി പകുത്തു. ഞാൻ ഇവിടെ സംസാരിക്കാനായി നിൽകുന്നത് ഈ രാജ്യത്തിനു വേണ്ടിയാണ്. നിങ്ങൾ (സർക്കാർ) ആണ് (370ാം വകുപ്പ് എടുത്തുകളഞ്ഞ) തീരുമാനം എടുത്തത്. ഞങ്ങളോട് ഒന്ന് ചർച്ച പോലുമില്ലാതെ അടിച്ചേൽപിക്കുകയായിരുന്നു. കശ്മീരിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത അരലക്ഷം ജോലി പോയിട്ട് ഒന്നുപോലും പകരം നൽകാനായില്ല.
ഇന്ത്യ ഇന്ന് എവിടെയാണ് എത്തിയതെന്ന് നോക്കൂ. ഇന്ത്യയെ നാം പടുത്തുയർത്തുകയാണെങ്കിൽ അത്
വേണ്ടത് കൂട്ടായാണ്. ഒറ്റക്കൊറ്റക്കല്ല. പരസ്പരം ഉൾക്കൊള്ളാനാകണം.
രാമൻ നിങ്ങളുടെത് മാത്രമാണോ? അല്ല, എല്ലാ ലോകത്തിെൻറയുമാണ്. നിങ്ങൾ സ്വന്തമെന്ന് പറഞ്ഞ് സ്വന്തത്തോടു മാത്രംചേർത്തുനിർത്തുകയാണ്.
ഖുർആൻ മാറത്തുചേർത്തുവെച്ച് ഞങ്ങളുടെതെന്ന് മാത്രമാക്കി വെക്കാൻ മുസ്ലിമിനാകുമോ? ഒരിക്കലുമല്ല, അത് ലോകത്തിെൻറയാണ്. നാം എല്ലാവരും കൂട്ടായി പ്രവർത്തിച്ച് ലോകത്തിനു കാണിച്ചുകൊടുക്കണം, എന്താണ് നമുക്ക് ഒന്നിച്ച് സാധ്യമാകുന്നതെന്ന്. ഇത് നമ്മുടെ രാജ്യമാണ്. നാം ഈ രാജ്യത്തിെൻറയാണ്. അതിനാൽ, ഈ രാജ്യത്തെ ഏവരെയും നമുക്ക് ബഹുമാനിക്കാം. ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളെ മോശമായി കാണുന്നത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. നാളെ നിങ്ങളും അധികാരത്തിൽ തുടരുമോ എന്ന് ആർക്കറിയില്ല. അന്ന് നിങ്ങൾ നൽകിയതിനെക്കാൾ കൂടുതൽ ഞങ്ങൾ നിങ്ങളെ ആദരിക്കും. നിങ്ങൾ ഈ ചെയ്യുന്നത് ഇന്ത്യൻ പൈതൃകമല്ല, പോയ്മറഞ്ഞവരെ നമുക്ക് ആദരിക്കാം. ഞാൻ പിതാവിനൊപ്പം സർദാർ പട്ടേലിനെ കണ്ടിട്ടുണ്ട്. ഗാന്ധിജിയെയും. നിങ്ങളിൽ പലരും അവരെ നേരിട്ട് കണ്ടിട്ടുണ്ടാകില്ല. ഗാന്ധിജി കശ്മീരിലെത്തിയപ്പോൾ മാതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും എെൻറ വശമുണ്ട്. ജവഹർ ആയിരുന്നു എെൻറ പിതാവിനെ ജയിലിലടച്ചത്. അദ്ദേഹത്തിെൻറ ജയിൽവാസം ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞ് വിമോചിതനായി ജവഹർലാലിനെ എെൻറ പിതാവ് കാണുംനേരം ഇരുവരും പൊട്ടിക്കരഞ്ഞു.
എന്നുവെച്ചാൽ, നാം ഒറ്റക്കെട്ടായി നിൽക്കണം. രാഷ്ട്രീയമായി ഭിന്നതകളുണ്ടാകാം. ഞാൻ മുസ്ലിമാണ്. ഹിന്ദുസ്ഥാനീ മുസ്ലിം. നിങ്ങൾ രാമനെ വിളിക്കുന്നു. ഞാൻ അല്ലാഹുവിനെയും. എല്ലാം നാം ജീവിതം സമർപിക്കുന്ന ഒരേ ദൈവത്തിെൻറ പല പേരുകൾ മാത്രമാണ്. നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നു. ഞാൻ മസ്ജിദിലും. ചിലർ ഗുരുദ്വാര സന്ദർശിക്കുന്നു, ചിലർ കൃസ്ത്യൻ ദേവാലയവും. ഒരു ഡോക്ടർ ഒരിക്കലും രക്തമടങ്ങിയ കുപ്പിനോക്കി അത് ഹിന്ദുവിെൻറയോ മുസ്ലിമിെൻറയോ അതോ ദളിതെൻറയോ എന്ന് ചോദിക്കാറില്ല. രാമൻ എല്ലാ ലോകത്തിെൻറയുമാണ്. ഒന്നിച്ചുനിന്നാകണം നാം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.