സിയാബാദ് (യു.പി): കൊറിയൻ പോപ് ആരാധികമാരായ മൂന്ന് കൗമാര സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ നടുങ്ങി രാജ്യം. ഇവരുടെ രഹസ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതെന്ന് പറയുന്ന ഡയറിക്കുറിപ്പുകൾ കണ്ടെടുത്തതായി പൊലീസ് വ്യാഴാഴ്ച അവകാശപ്പെട്ടു.
കൊറിയൻ സംസ്കാരത്തെയും ഓൺലൈൻ ഗെയിമുകളുമെല്ലാം ജീവൻപോലെ സ്നേഹിക്കുന്ന തങ്ങളെ കുടുംബാംഗങ്ങൾ എതിർത്തതിനെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്ന്, ഒമ്പതു പേജുള്ള ഡയറിക്കുറിപ്പുകളിൽ പറയുന്നതായി പൊലീസ് പറയുന്നു. ഡൽഹിക്കടുത്ത, യു.പി നഗരമായ ഗാസിയാബാദിയെ ഭാരത് സിറ്റി സൊസൈറ്റിയിലെ ചേതൻ കുമാർ എന്ന ബിസിനസുകാരന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഒമ്പതാംനിലയിലെ അപ്പാർട്മെന്റിൽനിന്ന് ചാടി ജീവനൊടുക്കിയത്. മൂന്നു വർഷമായി ഒരു കൊറിയൻ ഗെയിമിന് അടിമകളായിരുന്നു കുട്ടികളെന്നും അടുത്ത ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തതിനെ തുടർന്ന് ജീവനൊടുക്കിയെന്നുമാണ് പിതാവ് ചേതൻ കുമാറിന്റെ മൊഴി.
മൂന്നു വർഷമായി ഇവർ സ്കൂളിൽ പോകാറുണ്ടായിരുന്നില്ലെന്നും പിതാവ് പറയുന്നു. ഗെയിമിൽ പരാജയപ്പെട്ടാൽ ഒടുവിലെ ടാസ്ക് ജീവനൊടുക്കലാണത്രെ. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുടുംബം പറയുന്നപോലെ, പെൺകുട്ടികൾ കൊറിയൻ ആപ് ഉപയോഗിച്ചതായി ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളുടെ അഗാധമായ കൊറിയൻ സ്നേഹം സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ഡയറിയിൽ എഴുതിയിരിക്കുന്നെതന്ന് പൊലീസ് വിശദീകരിക്കുന്നു. ‘‘ഞങ്ങൾ കൊറിയയെ ഇഷ്ടപ്പെടുന്നു...ഇഷ്ടപ്പെടുന്നു...ഇഷ്ടപ്പെടുന്നു’’ എന്നും ‘‘ഇതാണ് ഞങ്ങളുടെ യഥാർഥ ജീവിതകഥ’’യെന്നും ‘‘വായനക്കാർ ഇത് വിശ്വസിക്കണ’’മെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്.
വിവാഹമടക്കമുള്ള, തങ്ങളുടെ ഭാവി കാര്യങ്ങളിൽ രക്ഷിതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധമുണ്ടെന്നും എഴുതിയിട്ടുണ്ട്. ‘‘കൊറിയയെ ഉപേക്ഷിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കൊറിയൻ ഞങ്ങളുടെ ജീവിതമാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യക്കാരുമായുള്ള ഞങ്ങളുടെ വിവാഹമാണ്. അതൊരിക്കലും സംഭവിക്കാൻ പോണില്ല. നിങ്ങളുടെ (രക്ഷിതാക്കളുടെ) മർദനത്തേക്കാൾ ഞങ്ങൾക്ക് മരണംതന്നെയാണ് നല്ലത്. അതുകൊണ്ട് ഞങ്ങൾ ജീവനൊടുക്കുന്നു, പപ്പ ക്ഷമിക്കണം’’ -ഡയറി പറയുന്നു. പെൺകുട്ടികൾ ഇത്തരമൊരു കുറിപ്പ് എഴുതിയതിന്റെ സാഹചര്യം അന്വേഷിച്ചുവരുകയാണെന്നും എല്ലാ വശവും പരിശോധിക്കുമെന്നും ട്രാൻസ്-ഹിൻൺ പൊലിസ് കമീഷണർ നിമിഷ് പട്ടേൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇതൊരു ആത്മഹത്യയായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയിൽ അവസാനിക്കുന്ന ടാസ്ക് ഉള്ള ഗെയിം ഇവർ കളിച്ചിരുന്നോ എന്നതിലാണ് അന്വേഷണം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.