ജയ്പൂർ: രാജസ്ഥാനിൽ നവവരൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. 27കാരനായ ആശിഷിന്റെ മരണം ഭാര്യയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഭാര്യ അഞ്ജലി, കാമുകൻ സഞ്ജു, ഇവരുടെ രണ്ട് കൂട്ടാളികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് തടസ്സമാണെന്ന് കണ്ടതോടെയാണ് അഞ്ജലി കൊലപാതകം ആസൂത്രണം ചെയ്തത്.രാത്രി ഭക്ഷണം കഴിച്ച ശേഷം ഇരുവരും നടക്കാനിറങ്ങിയപ്പോൾ അഞ്ജാത വാഹനം ആശിഷിനെ ഇടിച്ചെന്നും തന്റെ പക്കൽ നിന്നും അഞ്ജാതർ ആഭരണങ്ങൾ കവർന്നെന്നുമാണ് അഞ്ജലി പൊലീസിനോട് പറഞ്ഞത്.
ആദ്യം ഇതൊരു ‘ഹിറ്റ് ആൻഡ് റൺ’ കേസായാണ് പൊലീസ് പരിഗണിച്ചിരുന്നത്. എന്നാൽ അഞ്ജലിയുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു. അതേസമയം കാർ തന്നെയും ഇടിച്ചിട്ടുണ്ടെന്ന് പറഞ്ഞ അഞ്ജലിയുടെ ദേഹത്ത് പരിക്കുകളൊന്നും ഏറ്റിരുന്നില്ല.
രാത്രിയിൽ നടക്കാനിറങ്ങിയ ആശിഷിനെ അഞ്ജലിയുടെ കാമുകൻ സഞ്ജുവും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച കൊന്ന ശേഷം കാറപകടമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടി കാറ് കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. മോഷണം നടത്തുന്നതിനിടെ നടന്ന സംഭവമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടി തന്റെ ഫോണും ആഭരണവും പ്രതികൾക്ക് കൈമാറിയ ശേഷം അഞ്ജലി ബോധരഹിതയായി അഭിനയിക്കുകയായിരുന്നു.
വിവാഹത്തിന് മുമ്പേ അഞ്ജലിക്ക് സഞ്ജുവുമായി ബന്ധമുണ്ടായിരുന്നു. ഇത് വീട്ടുകാർക്ക് അറിയാമായിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞാൽ അഞ്ജലി സഞ്ജുവുമായുള്ള ബന്ധം ഒഴിവാക്കുമെന്ന് കരുതിയാണ് കല്യാണം കഴിപ്പിച്ചതെന്ന് അഞ്ജലിയുടെ ബന്ധു പറഞ്ഞു. സംഭവത്തിൽ സഞ്ജുവിന്റെ കൂട്ടാളികളായ രോഹിത്, സിദ്ധാർത്ഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഘാലയയിൽ നടന്ന വിവാദമായ ‘ഹണിമൂൺ കൊലപാതകത്തിന്’ സമാനമായ രീതിയിലാണ് രാജസ്ഥാനിലെ സംഭവവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.