തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഒരു വർഷത്തിന് ശേഷം രാജ്കോട്ട് പൊലീസ് രക്ഷപ്പെടുത്തി

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഒരു വർഷത്തിന് ശേഷം പൊലീസ് രക്ഷപ്പെടുത്തി. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് ദേവ് ഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ പട്ടണത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ട് സിറ്റി പൊലീസ് കമീഷണർ മനോജ് അഗർവാളാണ് കുട്ടിയെ രക്ഷപ്പെടുത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

2019 മെയ് 22നാണ് രാജ്കോട്ടിലെ ശാസ്ത്രി മൈതാനത്തെ നടപ്പാതയിൽ നിന്ന് മധ്യപ്രദേശ് ജാഭുവയിൽ നിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ ആൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളായ ജാംസിങ്ങും മമത ഭൂരിയയും ഉറങ്ങികിടക്കുമ്പോഴാണ് ഒരു വയസുകാരനെ കാണാതായത്.

കുഞ്ഞിന്‍റെ മാതാവ് പ്രധ്യുമാൻ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്കോട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദ്വാരക പട്ടണത്തിലെ ഫുൽവാദി ചാബിൽ ചൗക്കിൽ താമസിക്കുന്ന സലിം സുഭാനിയ, ഭാര്യ ഫരീദ എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഫാത്തിമ എന്ന സിമ കാദരിക്ക് രണ്ട് ലക്ഷം രൂപ വാങ്ങി കുഞ്ഞിനെ കൈമാറുകയും ചെയ്തു.

ജാം നഗർ ഖോഡിയാർ കോളനിയിൽ താമസിക്കുന്ന ഫാത്തിമ നാലു തവണ വിവാഹം കഴിച്ചതാണ്. ഇതിലൊന്ന് 2012ൽ ഖംഭാലയിൽ നിന്നുള്ള നഥാലാൽ സമയ്യയുമായാണ്. എന്നാൽ, 2016ൽ ഇരുവരും വിവാഹമോചിതരായി. 2019ൽ സമയ്യ തന്‍റെ വസ്തു രണ്ടു കോടി രൂപക്ക് വിൽപ്പന നടത്തി. സമയ്യക്ക് ലഭിച്ച രണ്ടു കോടിയിൽ നിന്ന് ഒരു ഭാഗം ലഭിക്കുന്നതിനായി ഫാത്തിമ തന്ത്രങ്ങൾ മെനഞ്ഞു. സമയ്യയുമായി ബന്ധത്തിൽ തനിക്ക് ഒരു മകനുണ്ടെന്നാണ് പണം തട്ടിപ്പിനായി ഫാത്തിമ പറഞ്ഞത്.

ഇതിനായി കുഞ്ഞിനെ കണ്ടെത്താൻ സലിം സുഭാനിയയോടും ഫരീദയോടും ഫാത്തിമ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ജാം നഗർ കോളനി, ബസ് സ്റ്റാൻഡ്, ശാസ്ത്രി മൈതാനം, സാന്ധിയ പോൾ എന്നിവിടങ്ങളിൽ കറങ്ങി നടന്ന സലിമും ഫരീദയും ഒരു വയസുള്ള ആൺ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ഫാത്തിമക്ക് കൈമാറുകയാ‍യിരുന്നുവെന്ന് രാജ്കോട്ട് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.