ഗുജറാത്ത് തീപിടിത്തം: 27 മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് ചാരമായി, ഒരാളെ കാണാനില്ല; ഉടമയും മാനേജറും കസ്റ്റഡിയിൽ

രാജ്‌കോട്ട് (ഗുജറാത്ത്): രാജ്‌കോട്ടിൽ താൽക്കാലിക വിനോദ കേന്ദ്രത്തിലുണ്ടായ തീപിടത്തത്തിൽ മരിച്ച 27 പേരുടെ മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായി പൊലീസ്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ തീപിടിത്തം നടന്ന ടി.ആർ.പി ഗെയിം സോൺ ഉടമകളിൽ ഒരാളായ യുവരാജ് സിങ് സോളങ്കിയെയും മാനേജർ നിതിൻ ജെയിനെയും ചോദ്യം ചെയ്യാനായി ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു.

അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുകയാണെന്നും രാജ്‌കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. പ്രകാശ് ജെയിൻ, യുവരാജ് സിങ് സോളങ്കി, രാഹുൽ റാത്തോഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിംസോൺ.

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളടക്കം 27പേർ മരിച്ചതായി അസി. പൊലീസ് കമീഷണർ വിനായക് പട്ടേൽ പറഞ്ഞു. ‘മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്’ -അദ്ദേഹം പറഞ്ഞു.

മെറ്റലും ഫൈബർ ഷീറ്റും ഉപയോഗിച്ച് നിർമിച്ച ഷെഡിൽ തീപിടിത്തമുണ്ടായതായി വൈകീട്ട് നാലരയോടെയാണ് ഫയർ സ്റ്റേഷനിലേക്ക് ഫോൺ ലഭിച്ചതെന്ന് രാജ്‌കോട്ട് കലക്ടർ പ്രഭാവ് ജോഷി പറഞ്ഞു. ആറ് മണിക്കൂറിലധികം രക്ഷാപ്രവർത്തനം നടന്നു. വൻ തീപിടിത്തത്തെ തുടർന്ന് ഷെഡ് പൂർണമായും തകർന്നതായി അധികൃതർ അറിയിച്ചു.

പ്രവർത്തനം അനുമതിയില്ലാ​​തെ

ടിആർപി ഗെയിം സോണിലെ തീപിടിത്തത്തി​ന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ലെന്ന് കലക്ടർ പറഞ്ഞു. ഗെയിം സോൺ നടത്തിപ്പുകാർ അഗ്നി സുരക്ഷാ അനുമതിയോ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അനുമതിയോ നേടിയിട്ടില്ലെന്ന് രാജ്കോട്ട് ഡെപ്യൂട്ടി മുനിസിപ്പൽ കമീഷണർ സ്വപ്നിൽ ഖരെ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‍വി എ.എൻ.ഐയോട് പറഞ്ഞു. അന്വേഷണവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥരെയും ഞായറാഴ്ച രാവിലെ കലക്ടറുടെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജ്കോട്ടിൽ ദാരുണ സംഭവമാണ് നടന്നത്. നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി കുട്ടികളും മരിച്ചു... പുലർച്ചെ 3 മണിക്ക് തന്നെ അന്വേഷണം ആരംഭിക്കാൻ എസ്.ഐ.ടിക്ക് നിർദേശം നൽകി... എല്ലാ ഉദ്യോഗസ്ഥരും ഇന്ന് പുലർച്ചെ കലക്ടറുടെ ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന നടത്തി നീതി ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കു" -ഹർഷ് സാംഘ്‍വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരിക്കേറ്റവർക്കായി രാജ്‌കോട്ടിലെ എയിംസിൽ 30 ഐസിയു കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻറ് ദ്രൗപതി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. 

Tags:    
News Summary - Rajkot TRP Game Zone fire: Bodies beyond recognition, 1 person still missing; manager co-owner detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.