‘നെഹ്റുവിന്റെ പേര് ഐൻസ്റ്റീനൊപ്പം എന്നും ഓർക്കപ്പെടും, മോദിയുടെ പേര് എപ്സ്റ്റീനൊപ്പവും’ - കടുത്ത വിമർശനവുമായി ഇമ്രാൻ പ്രതാപ്ഗഢി എം.പി

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിന്റെ തീപ്പൊരി സാന്നിധ്യമാണ് ഉറുദു കവിയും പ്രഭാഷകനുമായ ഇമ്രാൻ പ്രതാപ്ഗഢി എം.പി. കവിത്വം തുളുമ്പുന്ന വാഗ്ധോരണിയുമായി രജ്യസഭയി​ൽ കത്തിക്കയറുന്ന ഇമ്രാന്റെ പ്രസംഗങ്ങൾ ഓരോ സഭാ സമ്മേളനങ്ങളിലും ശ്രദ്ധേയമാണ്. കവിതകൾ ഉദ്ധരിച്ചുകൊണ്ട്, ദേശീയ രാഷ്ട്രീയ വിഷയങ്ങൾ മുതൽ വർഗീയതക്കും വിദ്വേഷത്തിനുമെതിരായ ഉറച്ച വാക്കുകളുമായി ഇമ്രാൻ സഭയിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളും കൈയടിയുമായി നിറയും.

ഇത്തവണ ബജറ്റ് അവതരണത്തിനു പിന്നാലെ ലോക്സഭയിലും നിയമസഭയിലും നടന്ന ചർച്ചകൾ വിവാദങ്ങളിൽ നിറഞ്ഞപ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെയും വാക്കുകൾ ശ്രദ്ധേയമായി. രാഹുൽ ഗാന്ധി ഉയർത്തിവിട്ട മുൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയുടെ പുസ്തകവും, ഇന്ത്യ-അമേരിക്ക വ്യാപാര കരാറും ഉൾപ്പെടെ പ്രക്ഷുബ്ധമായ സഭാ ചർച്ചക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ആക്രമിച്ചുകൊണ്ടായിരുന്നു ഇമ്രാൻ സംസാരിച്ചത്.

ഉത്തരഖണ്ഡിൽ ബി.ജെ.പി നേതാക്കളും എം.എൽ.എയും പ്രതിയായ അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ നീതി നിഷേധിക്കപ്പെടുന്നതും, പ്രതികളെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും ഉയർത്തി. ബറേലിയിൽ നമസ്കാരിക്കുകയായിരുന്നു 12 മുസ്‍ലികളെ അറസ്റ്റു ചെയ്ത സംഭവവും, മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുകയായിരുന്നവരെ ആക്രമിച്ച സംഭവങ്ങളും, മധ്യപ്രദേശിലെ ബെതൂലിൽ മദ്രസയെന്നാരോപിച്ച് മുസ്‍ലിം വ്യക്തി നിർമിച്ച സ്വകാര്യ സ്കൂൾ തകർത്തതും ഉൾപ്പെടെ വിഷയങ്ങൾ സഭയുടെ ശ്രദ്ധയിലെത്തിച്ചു. ജമ്മു കശ്മീരിൽ 42 മുസ്‍ലിം വിദ്യാർഥികൾ നീറ്റ് യോഗ്യരായി മെഡിക്കൾ കോളജിൽ പ്രവേശനം നേടിയതിനു പിന്നാലെ, സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയതും ഇമ്രാൻ പ്രതാപ് സഭയിൽ കൊണ്ടുവന്നു.

ഒടുവിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജവഹർലാൽ നെഹ്റുവിനെയും പരാമർശിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചത്. വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റെ പേരിനൊപ്പം രാജ്യം എന്നും നെഹ്റുവിനെ സ്മരിക്കുമ്പോൾ, കുപ്രസിദ്ധമയ എപ്സ്റ്റീൻ ഫയലിനൊപ്പമായിരിക്കും നരേന്ദ്ര മോദിയെ രാജ്യം ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാലപീഡകൻ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പരാമർശങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാർത്തയായിട്ടും തൃപ്‌തികരമായ വിശദീകരണം നൽകാൻ സർക്കാരിന്‌ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

Tags:    
News Summary - Nehru’s Name Is Remembered with Einstein, Modi’s with Epstein, -Says MP Imran Pratapgarhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.