ബാബരി മസ്ജിദ് തകർത്ത ദിവസം 'ശൗര്യ ദിവസ്' ആയി സ്കൂളുകളിൽ ആഘോഷിക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ജയ്പുർ: ബാബരി മസ്ജിദ് തകർത്ത 'ശൗര്യ ദിവസ്' ആയി ആഘോഷിക്കാൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ സ്കൂളുകളോട് ആവശ്യപ്പെട്ടു. പിന്നീട് പരീക്ഷകൾ നടക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉത്തരവ് പിൻവലിച്ചു. ബാബരി മസ്ജിദ് തകർത്തതിന്‍റെ വാർഷിക ദിനമായ ഡിസംബർ ആറിന് ദേശസ്‌നേഹവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് പിൻവലിച്ച ഉത്തരവിൽ പറയുന്നത്.

പുറപ്പെടുവിച്ച് 12 മണിക്കൂറുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ 9.15 ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഞായറാഴ്ച രാവിലെ ഈ ഉത്തരവ് പിൻവലിച്ചു. "സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിലവിൽ പരീക്ഷകൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ മറ്റ് പ്രവർത്തനങ്ങളോ പരിപാടികളോ നടത്താൻ കഴിയില്ല. അതിനാൽ, 'ശൗര്യ ദിവസ്' ആഘോഷങ്ങൾ മാറ്റിവച്ചിരിക്കുന്നു." എന്നാണ് പിൻവലിക്കൽ ഉത്തരവിൽ പറയുന്നത്.

വിദ്യാർഥികളിലും ജീവനക്കാരിലും "ദേശസ്നേഹം, ദേശീയത, ധീരത, സാംസ്കാരിക അഭിമാനം, ദേശീയ ഐക്യം" എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബർ ആറിന് വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനായിരുന്നു സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ സീതാറാം ജാട്ട് സ്കൂളുകൾക്ക് നിർദേശം നൽകിയത്.

'ശൗര്യദിവസ്' ആഘോഷിക്കാനുള്ള തീരുമാനത്തെ മന്ത്രി പിന്നീട് ന്യായീകരിച്ചു. ശ്രീരാമൻ ഇന്ത്യൻ സംസ്കാരത്തിന്റെ ആദർശങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും രാമമന്ദിർ ഇന്ത്യയുടെ സാംസ്കാരിക അഭിമാനത്തിന്‍റെ പ്രതീകമാണെന്നും ദിലാവർ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്നത് വിദ്യാർഥികളിൽ ദേശസ്നേഹവും ദേശീയ ഐക്യവും വളർത്തിയെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശൗര്യ ദിവസിന്‍റെ ഭാഗമായി സ്കൂളുകളിൽ പലവിധ പരിപാടികൾ സംഘടിപ്പിക്കാനായിരുന്നു നിർദേശം. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സംസ്കാരത്തെയും രാമക്ഷേത്ര പ്രസ്ഥാനത്തെയും കുറിച്ചുള്ള പ്രസംഗ, ഉപന്യാസ മത്സരങ്ങളും അയോധ്യ രാമക്ഷേത്രത്തെ പ്രമേയമാക്കി ചിത്രരചന, പോസ്റ്റർ നിർമ്മാണ പ്രവർത്തനങ്ങളും നടത്താനും സ്കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ദേശഭക്തി ഗാനാവതരണങ്ങൾ, നാടോടി നൃത്ത പ്രകടനങ്ങൾ, ചരിത്രപരമോ പുരാണപരമോ ആയ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ നാടകങ്ങൾ എന്നിവയും അവതിരിപ്പിക്കാനായിരുന്നു നിർദേശം.

രാമജന്മഭൂമി പ്രസ്ഥാനവുമായും ഇന്ത്യൻ ചരിത്രത്തിലെ മറ്റ് "വീര സംഭവങ്ങളുമായും" ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ, ലേഖനങ്ങൾ, പുരാവസ്തുക്കൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കാം.

സ്‌കൂളുകളിൽ 'സൂര്യ നമസ്‌കാരം' എന്ന പേരിൽ ഗ്രൂപ്പ് സെഷനുകൾ, യോഗ പരിശീലനം, ശ്രീരാമ സ്തുതിഗീതങ്ങളും ആരതിയും ഉപയോഗിച്ചുള്ള പ്രാർഥനാ സമ്മേളനം എന്നിവ നടത്തണമെന്നും സർക്കുലറിലുണ്ട്. സ്‌കൂൾ പരിസരത്ത് 'ശൗര്യ യാത്രകൾ', ബോധവൽക്കരണ മാർച്ചുകൾ എന്നിവയും നടത്താം. വിദ്യാർഥികളുമായി സംവദിക്കാൻ സൈനിക ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, ചരിത്ര കുതുകികൾ എന്നിവരെ അതിഥികളായി ക്ഷണിക്കാമെന്നും സർക്കുലറിൽ പറയുന്നു.

വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റതിനുശേഷം ദിലാവർ നിരവധി വിവാദ പ്രസ്താവനകളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മദ്രസകൾ ഉൾപ്പെടെയുള്ള സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള അദ്ദേഹത്തിന്റെ ഉത്തരവ് ന്യൂനപക്ഷ വിഭാഗങ്ങളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. മുഗൾ ഭരണാധികാരി അക്ബറിനെ മന്ത്രി സ്വേച്ഛാധിപതി എന്ന് വിളിച്ച് ആക്ഷേപിക്കുകുയും മുൻ കോൺഗ്രസ് സർക്കാർ അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു.

സർക്കാർ സ്കൂൾ പരിസരങ്ങളിലെ നിയമവിരുദ്ധമായ കൈയേറ്റങ്ങളും മതപരമായ സ്ഥലങ്ങളും ഉടനടി നീക്കം ചെയ്യണമെന്നും ഏതെങ്കിലും സ്കൂളിൽ പ്രാർഥാനാലയങ്ങൾ കണ്ടെത്തിയാൽ പ്രിൻസിപ്പൽ/ പ്രധാന അധ്യാപകർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരവിറക്കിയതും വിവാദമായിരുന്നു. 

Tags:    
News Summary - Rajasthan Education Minister wants Babri Masjid demolition day to be celebrated as 'Shaurya Diwas' in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.