സ്കൂൾ സന്ദർശനത്തിനെത്തിയ സി.ജെ.പി പ്രവർത്തകർക്ക് നേരെ കയ്യേറ്റം; അക്രമത്തിന് പിന്നിൽ ബി.ജെ.പി ഗുണ്ടകളെന്ന് സി.ജെ.പി

ജയ്‌പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനക്കെത്തിയ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകർക്ക് നേരെ കയ്യേറ്റം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു എന്നാൽ, പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹ-കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു.

രാംപുര-കൺവാർപുര ഗ്രാമത്തിലെ സ്കൂൾ സന്ദർശിക്കുന്നതിനായാണ് അശുതോഷ് റാങ്കയുടെ നേതൃത്വത്തിൽ സി.ജെ.പി പ്രവർത്തകർ എത്തിയത്. ഇതിനിടെയാണ് ഒരു സംഘം ആളുകൾ പ്രതിഷേധവുമായെത്തുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തത്. കുട്ടികളെ എരുമകൾക്കൊപ്പം ഗോശാലയിലാണ് ഇരുത്തി പഠിപ്പിക്കുന്നതെന്നും, ഇത് പുറത്തറിയാതിരിക്കാൻ ബി.ജെ.പി ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ തടയുകയാണെന്നും റാങ്ക എക്സ് വഴി കുറിച്ചു. സി.ജെ.പി പ്രവർത്തകരെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും പാർട്ടി സ്ഥാപകൻ അഭിജിത് ഡിപ്കെയും ആരോപിച്ചു.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ജയ്‌പൂർ, അജ്മീർ, ജോധ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ സന്ദർശിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിന് പിന്നാലെ, പ്രധാനാധ്യാപകന്റെ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിനും ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനും വിലക്കേർപ്പെടുത്തിക്കൊണ്ട് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഈ നിയന്ത്രണമെന്നാണ് സർക്കാർ വിശദീകരണം.

അതേസമയം, സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കോൺഗ്രസും രംഗത്തെത്തി. സ്കൂളുകളിലെ പോരായ്മകൾ മറച്ചുവെക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും രാജസ്ഥാൻ നിയമസഭാ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജൂലി ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സിവിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Rajasthan CJP Members Attacked During School Inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.