അപകീർത്തിക്കേസ് വിധിക്കെതിരെ രാഹുൽ ഗാന്ധി നാളെ അപ്പീൽ നൽകും

ന്യൂഡൽഹി: 2019 ലെ അപകീർത്തിക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിലാണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുക. അപകീർത്തിക്കേസിൽ കുറ്റക്കാരനായി വിധിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും അപ്പീൽ. വിഷയത്തിൽ തീരുമാനമെടുക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതിൽ ഇടക്കാല സ്റ്റേയും ആവശ്യപ്പെടും.

വിധി വന്നയുടൻ കോടതിയിൽ നിന്ന് തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു. അപ്പീൽ നൽകാൻ സമയം നൽകിയ കോടതി, വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശവും നൽകിയിരുന്നു. എന്നാൽ വിധിയുടെ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി.

അപ്പീലിൽ വധി വരുന്നത് വരെ കാത്തു നിൽക്കാതെ രാഹുലിനെതിരെ ഉടനടി നടപടി സ്വീകരിച്ചതിനെ പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. രാഹുലിനെതിരായ വിധി റദ്ദാക്കപ്പെട്ടിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാഹുലിന് എട്ടു വർഷത്തേക്ക് ​തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല.

ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിര അപകീർത്തിക്കേസ് നൽകിയത്. 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടെ എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന് ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി എന്നീ പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് രാഹുൽ ചോദിച്ചിരുന്നു. ഈ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂർണേഷ് മോദി കേസ് നൽകിയിരുന്നത്. 

Tags:    
News Summary - Rahul Gandhi To Challenge Prison Sentence In Gujarat Court: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.