ന്യൂഡൽഹി: മതങ്ങളുടെ വ്യക്തി നിയമങ്ങൾക്ക് പകരം ഏക സിവിൽ കോഡിനായി നിയമ നിർമാണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. അനന്തരാവകാശത്തിൽ സ്ത്രീ വിവേചനം നേരിടുന്ന 1937ലെ മുസ്‍ലിം വ്യക്തി നിയമം റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി, ഏക സിവിൽകോഡിനായുള്ള നിയമ നിർമാണമാണ് പരിഹാരമെന്ന് നിർദേശിച്ചത്. ശരീഅത്ത് നിയമം റദ്ദാക്കി പകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്‍ലിംകൾക്കും ബാധമാക്കിയാൽ മതിയെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.
വ്യക്തി നിയമങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് ശൂന്യതയുണ്ടാക്കാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. മറിച്ച് ഏക സിവിൽ കോഡിനായി നിയമ നിർമാണം നടത്തുകയാണ് വിവേകം. സുപ്രീംകോടതി ഇതിനകം ഏക സിവിൽ കോഡ് ശിപാർശ ചെയ്തതാണ്. മുസ്‍ലിം പുരുഷന് ഏത് നടപടിക്രമ പ്രകാരവും ഏകപക്ഷീയമായി വിവാഹമോചനം നടത്താമെന്ന് ജ. ബാഗ്ചി തുടർന്നു. വ്യക്തി നിയമപ്രകാരമുള്ള രണ്ടാം വിവാഹങ്ങളെല്ലാം അസാധുവാണെന്ന് കോടതിക്ക് പ്രഖ്യാപിക്കാനാകുമോ? അതിനാൽ ഭരണഘടനാപരമായ ഉത്തരവാദിത്തമായി നിയമനിർമാണത്തിന് വിഷയം വിടേണ്ടിവരുകയാണെന്ന് ജസ്റ്റിസ് ബാഗ്ചി കൂട്ടിച്ചേർത്തു. ഇതിനെ പിന്തുണച്ച ചീഫ് ജസ്റ്റിസ്, ഇതിനുള്ള ശരിയായ മറുപടി ഇപ്പറഞ്ഞ ഏക സിവിൽ കോഡ് തന്നെയാണെന്ന് കൂട്ടിച്ചേർത്തു.
പിന്തുടർച്ചാവകാശ നിയമത്തിൽ മുസ്‍ലിം സ്ത്രീയോട് വിവേചനം കാണിക്കുന്ന 1937ലെ മുസ്‍ലിം വ്യക്തി (ശരീഅത്ത്) നിയമം അസാധുവായി പ്രഖ്യാപിക്കണമെന്ന ഹരജിക്കാരുടെ വാദം സുപ്രീംകോടതി ചോദ്യം ചെയ്തു. 1937ലെ മുസ്‍ലിം വ്യക്തി നിയമം എടുത്തുകളഞ്ഞാൽ പകരം എന്തുണ്ട്? ആ ശൂന്യത എങ്ങനെ നികത്തും? - ചീഫ് ജസ്റ്റിസ് ചോദിച്ചു.
ശരീഅത്ത് നിയമ പ്രകാരം പുരുഷന്മാർക്കുള്ളതിന്റെ പകുതിയാണ് സ്ത്രീകളുടെ അവകാശമെന്നും ആ നിയമം റദ്ദാക്കിയാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാകുമെന്നും ഹരജിക്കാർക്കുവേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. അതിനെ ഖണ്ഡിച്ച ചീഫ് ജസ്റ്റിസ് 1937ലെ ശരീഅത്ത് നിയമം ഇല്ലായിരുന്നുവെങ്കിൽപോലും മുസ്‍ലിം പിന്തുടർച്ചാവകാശം മുസ്‍ലിം വ്യക്തി നിയമപ്രകാരമല്ലേ തീർപ്പാക്കുകയെന്ന് തിരിച്ചുചോദിച്ചു. നിലവിൽ മുസ്‍ലിം സ്ത്രീകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നതിലും കുറവ് കിട്ടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമോ എന്നാണ് തങ്ങളുടെ ഉത്കണ്ഠ എന്നും ചീഫ് ജസ്റ്റിസ് തുടർന്നു.
മുസ്‍ലിം വ്യക്തിനിയമത്തിനുപകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാകും എന്ന് സുപ്രീംകോടതിയങ്ങ് പ്രഖ്യാപിച്ചാൽ മതിയെന്ന് പ്രശാന്ത് ഭൂഷൺ തുടർന്നും വാദിച്ചുനോക്കി. അന്തരാവകാശവും പൗര നിയമങ്ങളും അടിസ്ഥാന മതാനുഷ്ഠാനങ്ങളിൽപ്പെട്ടതല്ലെന്ന വാദവും പ്രശാന്ത് ഭൂഷൺ ഉന്നയിച്ചു. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി ബദൽ നിർദേശവുമായി ഹരജി ഭേദഗതി ചെയ്യാൻ പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.