'മോദിക്ക് ബദലായി ഉയർന്നുവരുന്നതിൽ രാഹുൽ പരാജയം'; പ്രതിപക്ഷത്തെ മമത നയിക്കണമെന്ന്​ തൃണമൂൽ പത്രം, പ്രതിഷേധവുമായി കോൺഗ്രസ്​

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ബദലായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്ക്​ ഉയർന്നുവരാൻ കഴിഞ്ഞിട്ടില്ലെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ​പ്രതിപക്ഷത്തെ നയിക്കണമെന്നും തൃണമൂൽ കോൺഗ്രസിന്‍റെ മുഖപത്രമായ 'ജാഗോ ബംഗ്ലാ'. 'രാഹുൽ ഗാന്ധിക്ക്​ സാധിച്ചില്ല, മമതയാണ്​ ഇതര മുഖം' എന്ന തലക്കെട്ടിലാണ്​ ലേഖനം ​പ്രസിദ്ധീകരിച്ചിട്ടുള്ളത്​.

ലേഖനത്തിനെതിരെ സംസ്​ഥാന കോൺഗ്രസ്​ രംഗത്തുവന്നു. ഇത്തരം പ്രസ്​താവനകൾ ബി.ജെ.പിയെ സഹായിക്കുമെന്നും പാർട്ടി ഈ നിലപാടിനെ ശക്തമായി എതിർക്കുന്നതായും നേതാക്കൾ പറഞ്ഞു. ടി.എം.സിയുടെ വിലപേശലിന്‍റെ ഉദാഹരണമാണിത്​ സംസ്​ഥാന കോൺഗ്രസ്​ പ്രസിഡന്‍റും എം.പിയുമായ ആദിർ രഞ്​ജൻ ചൗധരി വ്യക്​തമാക്കി. 'എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് മമത ബാനർജി പറയുന്നു. മറുവശത്ത്, ഒരു കക്ഷിയുമായും ആലോചിക്കാതെ അവർ മറ്റ് പാർട്ടികളെ അപമാനിക്കുകയാണ്. താൻ പ്രധാനമന്ത്രിയാകണമെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതാൻ അവർ ആവശ്യപ്പെടുന്നു. ഇത് നിർഭാഗ്യകരമാണ്. ഈ നിലപാടിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു' -രഞ്​ജൻ ചൗധരി പറഞ്ഞു.

'പ്രതിപക്ഷ നിരയിലെ വിയോജിപ്പുകൾ കാണാൻ ബി.ജെ.പി ആഗ്രഹിക്കുന്നു. ഇത് ബി.ജെ.പിയെ കൂടുതൽ ശക്തമാക്കും. പ്രതിപക്ഷത്തെ നയിക്കുന്നതിൽ രാഹുൽ ഗാന്ധി യോഗ്യനാണോ അനർഹനാണോ എന്ന് തീരുമാനിക്കാൻ ടി.എം.സി മുഖപത്രത്തിന് കഴിയില്ല. ദീദിയുടെ ശൈലി മോദിയുടേതിന് സമാനമാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ അദ്ദേഹം സ്വയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചു. ദീദിയും അതുതന്നെ ചെയ്യുന്നു. എന്നാൽ, ഇത് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തി ബി.ജെ.പിക്ക്​ നേട്ടമുണ്ടാക്കാൻ വഴിയൊരുക്കും' -രഞ്​ജൻ ചൗധരി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഇല്ലാത്ത ബി.ജെ.പി വിരുദ്ധ മുന്നണിയെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചർച്ച ചെയ്യുന്നില്ലെന്നും പക്ഷേ, മോദിക്ക് ബദലായി രാഹുൽ ഗാന്ധി ഇതുവരെ ഉയർന്നുവന്നിട്ടില്ലെന്നും​ ലേഖനം ചൂണ്ടിക്കാട്ടുന്നു. 'രാജ്യത്തിന്‍റെ ബദൽ മുഖമാണ് മമത. ഇവരെ ഉയർത്തിക്കാട്ടി രാജ്യമെമ്പാടും പ്രചാരണം ആരംഭിക്കും. രാജ്യത്തിന് ഒരു ബദൽ ആവശ്യമാണെന്ന്​ തൃണമൂലിന്‍റെ മുതിർന്ന നേതാവും എം.പിയുമായ സുദീപ്​ ബന്ദ്യോപാധ്യായ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ''എനിക്ക് വർഷങ്ങളായി രാഹുൽ ഗാന്ധിയെ അറിയാം. പക്ഷേ മോദിക്ക് ബദലായി അദ്ദേഹം ഒരിക്കലും ഉയർന്നുവന്നിട്ടില്ലെന്ന് പറയാൻ ഞാൻ നിർബന്ധിതനാകുന്നു'' എന്നാണ്​ അദ്ദേഹം പറഞ്ഞത്​.

രാഹുൽ ഗാന്ധിക്ക് പലതവണ അവസരം ലഭിച്ചെങ്കിലും അതിലെല്ലാം പരാജയപ്പെട്ടു. കോൺഗ്രസുമായി ചേർന്നായിരിക്കും ബദൽ സഖ്യം. എന്നാൽ, പ്രചാരണത്തിൽ ശക്തമായ ഒരു മുഖം ഉണ്ടായിരിക്കണം, ആ മുഖം മമതാ ബാനർജിയാണ്' -ലേഖനം വ്യക്​തമാക്കുന്നു.

എന്നാൽ, കോൺഗ്രസിനെ തള്ളിക്കളയാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും മോദിയെ നേരിടുന്നതിൽ മമതക്ക്​ സാധിക്കുമെന്നുമാണ്​ ലേഖനം ഉദ്ദേശിച്ചതെന്ന്​ തൃണമൂൽ വക്​താവ് കുനാൽ ഘോഷ്​ വ്യക്തമാക്കി. 'ഞങ്ങൾ ഒരിക്കലും കോൺഗ്രസിനെ അപമാനിച്ചിട്ടില്ല. അവരില്ലാതെ ഒരു സഖ്യം ഉണ്ടാക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. നരേന്ദ്ര മോദിക്ക് ബദലാണ് മമത ബാനർജി. ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള രണ്ടുപേരെയാണ്​​ ടൈം മാഗസിൻ തെരഞ്ഞെടുത്തത്​​. അത്​ മോദിയും മമതയുമാണ്​. അതിനാൽ മമതയാണ്​ മോദിക്ക് ബദലെന്ന് ലോകം കരുതുന്നു' -കുനാൽ ഘോഷ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ പ്രസക്​തിയില്ലെന്നും ഇത്​ തള്ളിക്കളയണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. 'ജാഗോ ബംഗ്ല അധികപേരും വായിക്കാത്ത പത്രമാണ്​. സ്വന്തം നേതാവ് പ്രധാനമന്ത്രിയാകണമെന്ന് അവർ പറയുന്നു. എന്നാൽ, പ്രധാനമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്' -ദിലീപ്​ ഘോഷ്​ പറഞ്ഞു.

Tags:    
News Summary - 'Rahul fails to replace Modi'; Trinamool wants Mamata to lead opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.