റഫാൽ ഇടപാടിൽ രഹസ്യ സ്വഭാവമില്ലെന്ന് മുൻ പ്രതിരോധ മന്ത്രി

ന്യൂഡൽഹി: വിവാദ റഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് തള്ളി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍ ലോക്സഭയിൽ നടത്തിയ വിശദീകരണം അസത്യമെന്ന് എ.കെ. ആന്‍റണി ആരോപിച്ചു. 

2008ലെ രഹസ്യധാരണ വ്യവസ്ഥ റഫാലിന് ബാധകമല്ല. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനം വാങ്ങിക്കാൻ തീരുമാനിച്ചത് 2012ലാണ്. ഇക്കാര്യത്തിൽ പാർലമെന്‍റിൽ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടുമെന്നും ആന്‍റണി വ്യക്തമാക്കി. 

രഹസ്യ സ്വഭാവം നിലനിർത്തണമെന്ന ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ച കരാർ ഈ ഇടപാടിന് ബാധകമല്ല. 2012ലാണ് പ്രതിരോധ സേനക്കായി റഫാൽ വിമാനം തെരഞ്ഞെടുത്തത്. 36 വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതിയെന്നാണ് മോദി സർക്കാർ തീരുമാനിച്ചത്. ഈ അവസരത്തിൽ ഇന്ത്യയുടെ നിക്ഷേപം 30 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി ഉയർത്തി. 

യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കാണ് നിക്ഷേപം നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ഇതിന് പിന്നിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ നടന്നിട്ടുണ്ട്. റഫാൽ ഇടപാട്​ വലിയ കുംഭകോണമാണെന്നും അന്വേഷണം നടത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. 

മൂന്നിരിട്ടി വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയിൽ നിന്ന് 1,690 കോടി രൂപയായി ഇത് ഉയർന്നു. അതിനാൽ, ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങൾ പുറത്തുവിടണമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ആന്‍റണിയും ആനന്ദ് ശർമയും ആവശ്യപ്പെട്ടു. 

വിവാദമായ റഫാൽ ഇടപാട് ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. 

Tags:    
News Summary - Rafale Flight Deal: Former Defence Minister AK Antony Attack Central Govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.