ഖുതുബ് മിനാറിന്റെ ഉടമസ്ഥത അവകാശപ്പെട്ട ഹരജി തള്ളി; പൂജയ്ക്കും വിഗ്രഹം സ്ഥാപിക്കാനും അനുവാദം തേടുന്ന ഹരജി അടുത്ത 19ന് പരിഗണിക്കും

ന്യൂഡൽഹി: ഖുതുബ് മിനാറിന്റെയും സമീപ പ്രദേശങ്ങളുടെയും ഉടമസ്ഥത അവകാശപ്പെട്ട് കുൻവർ മഹേന്ദർ ധ്വജ് പ്രതാപ് സിങ് എന്നയാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. അതേസമയം, ഖുതുബ് മിനാർ സമുച്ചയത്തിൽ ഹിന്ദുക്കൾക്കും ജൈനമതസ്ഥർക്കും പൂജയ്ക്കും വിഗ്രഹം സ്ഥാപിക്കാനുമുള്ള അവകാശം അനുവദിക്കണമെന്ന ഹരജിയിൽ ഒക്ടോബർ 19ന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

ഗ്യാൻവാപി, താജ്മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങൾക്കും ആരാധനാകേന്ദ്രങ്ങൾക്കുംമേൽ പുതിയ അവകാശവാദങ്ങൾ ഉയരുന്നതിനിടെയാണ് ഖുതുബ് മിനാറിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

ഐക്യ ആഗ്ര പ്രവിശ്യയുടെ അനന്തരാവകാശിയാണ് താനെന്നും ഖുതുബ് മിനാറും ഖുവ്വത്തുൽ ഇസ്‍ലാം പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് അർഹതപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കുൻവർ മഹേന്ദർ ധ്വജ് പ്രതാപ് സിങ് കോടതിയെ സമീപിച്ചത്. 1947ന് ശേഷം സർക്കാർ തന്റെ ഭൂമി കയ്യേറിയതാണെന്നും പ്രിവി കൗൺസിൽ രേഖകൾ തന്റെ പക്കലുണ്ടെന്നും ഇയാൾ വാദിച്ചു.  ആഗ്ര മുതൽ മീററ്റ് വരെ യമുന നദിക്കും ഗംഗയ്ക്കും ഇടയിൽ ഉള്ള പ്രദേശങ്ങളുടെ അനന്തരാവകാശം തനിക്കാണെന്നാണ് ഇയാളുടെ അവകാശവാദം.

ഇയാളുടെ അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ഗുപ്ത,എന്നിവരുടെ വാദം കേട്ട ശേഷമാണ് അഡീഷണൽ ജഡ്ജി ദിനേശ് കുമാർ ഹരജി തള്ളി ഉത്തരവിട്ടത്. കഴിഞ്ഞ 150 വർഷമായി ഒരു കോടതിക്കും മുമ്പാകെ ആരും ഉന്നയിക്കാത്ത വിഷയവുമായാണ് ഇയാൾ കോടതിയെ സമീപിച്ചതെന്ന് എ.എസ്‌.ഐ ചൂണ്ടിക്കാട്ടി. കോടതിയുടെ സമയം നഷ്ടപ്പെടുത്തലും പ്രശസ്തിയോടുള്ള ആർത്തിയുമാണ് ഇയാളുടെ ലക്ഷ്യമെന്ന് പൂജക്ക് അനുവാദം തേടി ഹിന്ദുക്കളുടെ ഭാഗം വാദിക്കുന്ന അഭിഭാഷകൻ അമിത് സച്ച്ദേവ് ചൂണ്ടിക്കാട്ടി. ഹർജി ഭീമമായ പിഴ ചുമത്തി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖുതുബ് മിനാർ സ്മാരകമാണെന്നും ഇതിന് മേൽ ആർക്കും അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

സുൽത്താന ബീഗം എന്ന സ്ത്രീ സമർപ്പിച്ച സമാനമായ ഹർജി കഴിഞ്ഞ വർഷം ഡൽഹി ഹൈകോടതി തള്ളിയിരുന്നു. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫർ രണ്ടാമന്റെ ചെറുമകന്റെ വിധവയാണ് താ​നെന്നും ചെങ്കോട്ടയുടെ അനന്തരാവകാശം തനിക്കാണെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ, ഇത്രയും കാലം ഇതേക്കുറിച്ച് ഒരു അവകാശവാദവും ഉന്നയിക്കാതെ പതിറ്റാണ്ടുകൾക്ക് ശേഷം കോടതിയിലെത്തിയത് അംഗീകരിക്കാനാവി​െലലനന് ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത ഹരജി കോടതി തള്ളിയത്.

ഖുതുബ് മിനാർ നിർമിച്ചത് വിക്രമാദിത്യനെന്ന്

ചരിത്ര സ്മാരകമായ ഖുതുബ് മിനാർ നിർമിച്ചത് അഞ്ചാം നൂറ്റാണ്ടിൽ ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്ന വാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) മുൻ റീജനൽ ഡയരക്ടർ ധരംവീർ ശർമ അടുത്തിടെ രംഗത്തെത്തിയിരുന്നു. വിക്രമാദിത്യൻ സൂര്യനിരീക്ഷണത്തിനായി സ്ഥാപിച്ചതാണ് ഖുതുബ് മിനാറെന്നാണ് ഇയാളുടെ വാദം. ഖുതുബ് മിനാറിന്റെ പേരുമാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖുതുബ് മിനാർ വിക്രമാദിത്യൻ നിർമിച്ചതാണെന്ന അവകാശവാദമാണ് ഇവരും ഉയർത്തിയത്.

''ഇത് ഖുതുബ് മിനാറല്ല. സൂര്യനിരീക്ഷണ കേന്ദ്രമാണ്. അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് അത് നിർമിച്ചത്. അല്ലാതെ ഖുതുബുദ്ദീൻ ഐബക് അല്ല. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തെളിവുകൾ എന്റെ പക്കലുണ്ട്''- ധരംവീർ ശർമ അവകാശപ്പെട്ടു. ഖുതുബ് മിനാറിൽ 25 ഇഞ്ചിന്റെ ചരിവുണ്ടെന്നും സൂര്യനെ നിരീക്ഷിക്കാനായി നിർമിച്ചതിനാലാണതെന്നും ധരംവീർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Qutub Minar Row: Delhi Court Dismisses Plea Claiming Right Over Entire South Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.