തമിഴില്‍ ചോദ്യം, ഹിന്ദിയില്‍ മറുപടി; ഭാഷയെചൊല്ലി ലോക്സഭയില്‍ വീണ്ടും തര്‍ക്കം

ന്യൂഡല്‍ഹി: ലോക്സഭാംഗം മാതൃഭാഷയായ തമിഴില്‍ ചോദ്യം ചോദിച്ചതും അതിന് ഹിന്ദിയില്‍ മറുപടി പറഞ്ഞതും ലോക്സഭയില്‍ ബഹളത്തിനിടയാക്കി. ചോദ്യോത്തര വേളയില്‍ ഡി.എം.കെ അംഗം എ. ഗണേശമൂര്‍ത്തി എഫ്.ഡി.ഐ ഇന്‍ഫ്ളോയെ കുറിച്ചുള്ള ചോദ്യം തമിഴില്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ ഗണേശമൂര്‍ത്തി പറഞ്ഞ ആദ്യഭാഗം താന്‍ കേട്ടില്ലെന്നും ഏത് പ്രോജക്ടിനെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് തനിക്കറിയാന്‍ ആഗ്രഹമുണ്ടന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി.

ഒരു അംഗം ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ചാല്‍ മന്ത്രി ഇംഗ്ലീഷില്‍ ഉത്തരം പറയും. എന്നാല്‍ തമിഴില്‍ ചോദിച്ചാല്‍ ഹിന്ദിയിലും ഉത്തരം പറയും എന്ന് ഗണേശമൂര്‍ത്തി പറഞ്ഞു. ഇതിനു മറുപടിയായി വിവര്‍ത്തനം ലഭ്യമായതിനാല്‍ താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി നല്‍കുകയുള്ളൂ എന്നാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്.

ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഹിന്ദിയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും സമീപകാലത്ത് പ്രതിപക്ഷ അംഗങ്ങള്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിച്ച സന്ദര്‍ഭങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, സ്പീക്കര്‍ ഓം ബിര്‍ല ചോദ്യം വീണ്ടും ആവര്‍ത്തിക്കാന്‍ ഗണേശമൂര്‍ത്തിയോട് ആവശ്യപ്പെടുകയും ഗണേശമൂര്‍ത്തി ചോദ്യം വീണ്ടും തമിഴില്‍ തന്നെ ചോദിക്കുകയും ചെയ്തു. പ്രകോപിതനായ ഗോയല്‍, ഏതെങ്കിലും ഒരു ഭാഷയില്‍ തന്നെ ചോദ്യത്തിന് മറുപടി നല്‍കണമെന്ന് നിയമമുണ്ടോ എന്ന് സിപീക്കറോട് ചോദിക്കുകയും താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി പറയൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രശ്‌നം രൂക്ഷമായതോടെ ഓം ബിര്‍ല ഹെഡ്ഫോണ്‍ ധരിച്ച് വിവര്‍ത്തനം കേള്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങളോടാവശ്യപ്പെട്ടു. സാധാരണ ഹിന്ദിയില്‍ സംസാരിക്കാറുള്ള ബിര്‍ല ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കുമ്പോഴും ഹിന്ദിയിലാണ് മന്ത്രിമാര്‍ ഉത്തരം പറയാറുള്ളതെന്ന കാര്യം ഉന്നയിച്ചു.

ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മന്ത്രി മറുപടി പറഞ്ഞതിനെച്ചൊല്ലി കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മില്‍ ബഹളമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹിന്ദിയില്‍ മറുപടി നല്‍കിയത് അപമാനമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Question In Tamil Reply In Hindi Leads To Heated Exchanges In Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.