ഇന്ത്യയും അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരക്കരാര്‍ അംഗീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവന ഇന്നലെ വൈറ്റ്ഹൗസ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിൽ ഇരു ഗവണ്‍മെന്റുകളും മറച്ചുവെക്കുന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെ. സഹദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പോസ്റ്റിന്റെ പൂർണ രൂപം:
ഇന്ത്യയും അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരക്കരാര്‍ അംഗീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവന ഇന്നലെ വൈറ്റ്ഹൗസ് പുറത്തിറക്കി. ഈ സംയുക്ത പ്രസ്താവനയിലെ ആദ്യത്തെ ഇനം ഇപ്രകാരമാണ്.
യു.എസ് വ്യാവസായിക ഉൽപന്നങ്ങള്‍ക്കും, ഡിസ്റ്റിലേഴ്‌സ് ധാന്യങ്ങള്‍ (Dried Distlers Grains), കാലിത്തീറ്റക്കുള്ള ചുവന്ന ചോളം, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, എന്നിവയുള്‍പ്പെടെ വിവിധ യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും...'
ഇത്തരത്തില്‍ 12ഓളം സുപ്രധാന വ്യവസ്ഥകളാണ് ഈ ഇടക്കാല വ്യാപാരക്കരാറില്‍ ഉള്ളതെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന സൂചിപ്പിക്കുന്നു. അതേസമയം, ഇരു ഗവണ്‍മെന്റുകളും നയതന്ത്ര വാചാടോപങ്ങള്‍ വഴി ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്ന വസ്തുതകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
-അമേരിക്കന്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളെ താരിഫുകളില്‍ (Zero Tariff) നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം. നിലവില്‍ അമേരിക്കന്‍ വ്യാവസായിക ഉൽപന്നങ്ങളുടെ ശരാശരി താരിഫ് 13.5ശതമാനം ആണ്.
- 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നാണ് വ്യാപാര ചര്‍ച്ചകള്‍ക്കിടയില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. 500 ബില്യണ്‍ ഡോളര്‍ എന്നതിനര്‍ത്ഥം ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ ആറിലൊന്ന് എന്നാണ്.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും എങ്ങും കാണാന്‍ കഴിയില്ല. ട്രംപും മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണത്രെ ഇത്തരമൊരു വാഗ്ദാനം നല്‍കിയിട്ടുള്ളത്. 'തെരഞ്ഞെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളെ' താരിഫ് തടസ്സങ്ങളില്‍ നിന്നും താരിഫുകളില്‍ നിന്നും ഒഴിവാക്കുമെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി പരസ്യ പ്രഖ്യാപനം നടത്തുന്നു.
ഏതൊക്കെയാണ് ആ തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ എന്നത് സംബന്ധിച്ച ഒരു വ്യക്തതയും ആര്‍ക്കുമില്ല. മുന്‍കുറിപ്പുകളില്‍ സൂചിപ്പിച്ചതുപോലെ അമേരിക്ക ഉയര്‍ന്ന സബ്‌സിഡി നല്‍കി പരിപാലിച്ചുപോരുന്ന കാര്‍ഷിക ഉത്പന്നങ്ങളായ ധാന്യം, പാല്‍, സോയാബീന്‍ എന്നിവയാണ് ഈ തിരഞ്ഞെടുത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ എങ്കില്‍ അത് ഇന്ത്യന്‍ കര്‍ഷകരുടെ വയറ്റത്തടിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും.
- അമേരിക്കന്‍ പ്രസിഡണ്ട് ഏകപക്ഷീയമായി 50ശതമാനം കണ്ട് ഉയര്‍ത്തിയ താരിഫ് 18ശതമാനം ആയി കുറക്കുന്ന നടപടിയെയാണ് 'Reciprocal Tariff' എന്ന നുണയിലൂടെ ആഘോഷിക്കാന്‍ ശ്രമിക്കുന്നത്. ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച Punitive Tax-ഉം ഈ 50ശതമാനത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്.
- അമേരിക്കന്‍ വിവര സാങ്കേതിവിദ്യാ ഉപകരണങ്ങള്‍ (ICT goods), മെഡിക്കല്‍ ഉപകരണങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെ ഇന്ത്യ 'താരിഫ് ഇതര തടസ്സങ്ങളില്‍' നിന്ന് മുക്തമാക്കുമെന്ന് ഈ കരാര്‍ വഴി സമ്മതിക്കുന്നു. ഇതിനര്‍ത്ഥം ഉപകരണങ്ങളുടെയും ഉൽപന്നങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങള്‍, പരിശോധനകള്‍, ലൈസന്‍സിങ് എന്നിവ സംബന്ധിച്ച കര്‍ശന പരിശോധനകള്‍ ഉണ്ടാകില്ലെന്ന് അമേരിക്കക്ക് ഇന്ത്യന്‍ ഭരണകൂടം ഉറപ്പുനല്‍കിയിരിക്കുന്നു എന്നാണ്.
ഈ ഇടക്കാല വ്യാപാര ഉടമ്പടി തകര്‍ക്കാന്‍ പോകുന്നത്, രാജ്യത്തിന്റെ ഉൽപാദന സ്വാശ്രയത്വത്തെയും, കാര്‍ഷിക സുരക്ഷിതത്വത്തെയും, ഊർജ മേഖലയിലെ സ്വയംഭരണത്തെയും ആയിരിക്കും എന്നതില്‍ സന്ദേഹമൊന്നുമില്ല.
കൊട്ടിഘോഷിക്കപ്പെട്ട 'ആത്മനിര്‍ഭര്‍ ഭാരത്', 'വികസിത് ഭാരത്' തുടങ്ങിയ മോദി മുദ്രാവാക്യങ്ങളുടെ കൂട്ടക്കൊലയാണ് ഈ ഇടക്കാല വ്യാപാരക്കരാറിലൂടെ നടന്നിരിക്കുന്നത്.
Make America Great Again എന്ന ട്രംപ് മുദ്രാവാക്യം ഏറ്റുവിളിക്കുകയാണ് 56 ഇഞ്ച് നെഞ്ചളവിൻ്റെ ഊറ്റം കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.