രംഗസ്വാമി
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എക്ക് വിജയം അനായാസമാക്കിയത് ഇൻഡ്യ സഖ്യത്തിലെ അനൈക്യം. എൻ.ഡി.എയിൽ രംഗസ്വാമി നയിക്കുന്ന അഖിലേന്ത്യ എൻ.ആർ കോൺഗ്രസ്, ബി.ജെ.പി, ലക്ഷ്യ ജനനായക കക്ഷി എന്നീ കക്ഷികളാണുള്ളത്. ഇവരെ എതിർത്ത് ഡി.എം.കെ, കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ കക്ഷി ഉൾപ്പെടുന്ന ഇൻഡ്യ സഖ്യമാണ് കളത്തിലുണ്ടായിരുന്നത്. ഇവർക്ക് പുറമെ വിജയ് യുടെ ടി.വി.കെയും സീമാന്റെ നാം തമിഴർ കക്ഷിയും രംഗത്തുണ്ടായിരുന്നു. അഞ്ച് സീറ്റുകളിൽ ഡി.എം.കെയും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരവും അരങ്ങേറി. ഒരുഘട്ടത്തിൽ ഇൻഡ്യ സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി എന്നിവ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇവരെ ഒഴിവാക്കി ഡി.എം.കെയും കോൺഗ്രസും ഏകപക്ഷീയമായി സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. പുതുച്ചേരിയിലെ മതേതര കക്ഷികളെ എൻ.ഡി.എക്കെതിരായി അണിനിരത്തുന്നതിൽ ഇൻഡ്യ സഖ്യത്തിന് കഴിയാത്തതാണ് പോരായ്മയായത്. കോൺഗ്രസ് 16 സീറ്റുകളിലും ഡി.എം.കെ 14 സീറ്റുകളിലും മത്സരിച്ചു.
മറ്റൊരു സഖ്യകക്ഷിയായ തിരുമാവളവന്റെ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) മൂന്ന് സീറ്റുകളിൽ തനിച്ചാണ് മത്സരിച്ചത്. അഞ്ച് സീറ്റുകളിൽ കോൺഗ്രസും ഡി.എം.കെയും തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി. ഇടതുകക്ഷികൾ ഇൻഡ്യ സഖ്യത്തിന് പുറത്തായിരുന്നു. സി.പി.എം രണ്ട് സീറ്റുകളിലും സി.പി.ഐ ഒരു സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു.
2024ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ വി.വൈദ്യലിംഗം തട്ടാഞ്ചാവടി നിയമസഭ മണ്ഡലത്തിൽ ജനവിധി തേടിയതും ഇൻഡ്യ സഖ്യത്തിൽ മുറുമുറുപ്പിന് കാരണമായി. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.നാരായണസാമിയെ മാറ്റിനിർത്തിയതും കോൺഗ്രസിൽ അമർഷം പുകഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയകക്ഷികളിൽനിന്നുള്ള നേതാക്കളുടെ രാജികളും കൂറുമാറ്റവും വ്യാപകമായി അരങ്ങേറിയിരുന്നു. ഇതെല്ലാം എൻ.ഡി.എക്ക് ഗുണകരമാവുകയായിരുന്നു. ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെ ഏകോപിപ്പിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ ബി.ജെ.പി-എൻ.ആർ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിലേറുന്നത് തടയാനാവുമായിരുന്നുവെന്നാണ് നിരീക്ഷകർ പറയുന്നത്. സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിലും അത് മുതലാക്കാൻ ഇൻഡ്യ സഖ്യം പരാജയപ്പെടുകയായിരുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇൻഡ്യ സഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് ആത്മാർഥമായ ശ്രമം നടത്തിയില്ലെന്നും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്ക് അഭിപ്രായമുണ്ട്.
76കാരനായ എൻ.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമി തട്ടാഞ്ചാവടി മണ്ഡലത്തിൽനിന്ന് തുടർച്ചയായി നാലാം തവണയാണ് വിജയിച്ചത്. കോൺഗ്രസിലെ ഗ്രൂപ് പോരാട്ടത്തിൽ മനംമടുത്താണ് എൻ.രംഗസ്വാമി 2008ൽ പാർട്ടിവിട്ട് എൻ.ആർ കോൺഗ്രസ് രൂപവത്കരിച്ചത്. നിലവിൽ അഞ്ചാം തവണയാണ് രംഗസ്വാമി മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.