പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്സവ, അവധി സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. വിമാനക്കമ്പനികൾ നിലവിലുള്ള ചട്ടങ്ങൾ പാലിക്കുന്നില്ലെങ്കിൽ, വിമാന സർവീസുകൾ നിർത്തിവെക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ, സ്വകാര്യ വിമാനക്കമ്പനികൾ യാത്രാനിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കുന്നുവെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ എസ്. ലക്ഷ്മി നാരായണനാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് പോലും വലിയ നിരക്ക് വ്യത്യാസമുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും ആവശ്യകത വർധിക്കുന്നതനുസരിച്ച് യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് പ്രധാന ആരോപണം.
അതേസമയം, വിമാന നിരക്കുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മൂന്ന് ആഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി അന്തിമ ചട്ടങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് ബെഞ്ചിനെ അറിയിച്ചു. പുതിയ ചട്ടങ്ങളുടെ കരട് കേന്ദ്രം കോടതിക്ക് മുദ്രവച്ച കവറിൽ കൈമാറുകയും ചെയ്തു.
പുതിയ നിയന്ത്രണ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ട മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. സെപ്റ്റംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
വിമാന നിരക്ക് നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും നിയന്ത്രണ സംവിധാനവും വേണമെന്നാണ് ഹരജിയിലെ ആവശ്യം. നിലവിലുള്ള ഔദ്യോഗിക നിർദേശങ്ങൾ പോലും ചില വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്നും ഹരജിക്കാരൻ ആരോപിച്ചു. അതേസമയം, വിമാന നിരക്കിന് നേരിട്ട് പരിധി നിശ്ചയിക്കാൻ സർക്കാരിന് കഴിയില്ലെന്ന സിവിൽ ഏവിയേഷൻ മന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും ഹരജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിമാന നിരക്കിലെ വലിയ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് സുപ്രീംകോടതി നേരത്തെയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. മേയ് മാസത്തിൽ നടന്ന വാദത്തിനിടെ നിരക്കുകളിൽ ഒരു പരിധിവരെ ഏകീകരണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.