സി.ജെ.പി വക്താവ് അശുതോഷ് റങ്ക

‘വേണമെങ്കിൽ കേസെടുത്തോളൂ, അറസ്റ്റ് ചെയ്തോളൂ, പക്ഷേ, സ്കൂളുകൾ ശരിയാക്കുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ പണിയെടുക്കും’ -രാജസ്ഥാൻ സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച് സി.ജെ.പി

ന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിയന്ത്രിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സി.ജെ.പി വക്താവ് അശുതോഷ് റങ്ക. സംസ്ഥാനത്തെ തകർന്നുകിടക്കുന്ന സ്കൂളുകളിൽ പരിശോധന തുടരുമെന്നും പൊലീസ് നടപടി ഉണ്ടായാലും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

`രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ സ്കൂളുകളും ശരിയാകുന്നതുവരെ ഞങ്ങൾ കാമ്പയിൻ നിർത്തില്ല’ -അശുതോഷ് എക്സിൽ കുറിച്ചു.

ആഗസ്റ്റ് 16ന് രാജസ്ഥാനിലെ ബിക്കാനീറിലെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ലളിത് കുമാറാണ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ‘ഇൻ ലോക്കോ പാരന്റീസ്’ എന്ന തത്വം, ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം, സുപ്രീം കോടതിയുടെ കെ.എസ്. പുട്ടസ്വാമി സ്വകാര്യതാ വിധി, ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻ.സി.പി.സി.ആർ) മാർഗനിർദേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറത്തിറക്കിയത്.

പ്രിൻസിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് സർക്കാർ സ്കൂൾ വളപ്പിൽ പ്രവേശിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഔദ്യോഗിക ചുമതല നിർവഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിൽ ഇളവുണ്ട്. സ്കൂൾ വളപ്പിൽ പ്രവേശിക്കുന്ന എല്ലാ സന്ദർശകരും സന്ദർശക രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തണം.

അധ്യാപകനോ അധികാരപ്പെടുത്തിയ ജീവനക്കാരനോ ഒപ്പമില്ലാതെ പുറത്തുനിന്നുള്ളവർക്ക് ക്ലാസ് മുറികൾ, ലബോറട്ടറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, കായിക മൈതാനങ്ങൾ, ശുചിമുറികൾ, വിദ്യാർഥികളുടെ പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാനും പാടില്ല.

മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്കൂൾ പ്രവർത്തനങ്ങളുടെയും ഫോട്ടോ, വീഡിയോ, അഭിമുഖം, ഓഡിയോ റെക്കോർഡിങ്, ലൈവ് സ്ട്രീമിങ് എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. വിദ്യാർഥികളുടെ സുരക്ഷ, മാന്യത, സ്വകാര്യത എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അവരുടെ ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ, സ്വകാര്യത, അച്ചടക്കം, പഠനാന്തരീക്ഷം എന്നിവയ്ക്ക് തടസ്സമുണ്ടാക്കുന്ന സന്ദർശകർക്ക് പ്രവേശനം നിഷേധിക്കാൻ പ്രിൻസിപ്പൽമാർക്ക് അധികാരമുണ്ട്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിക്കുന്നവരോട് പുറത്തുപോകാനും ആവശ്യപ്പെടാം.

അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിക്കുക, പുറത്തുപോകാൻ വിസമ്മതിക്കുക, അനധികൃതമായി ചിത്രീകരണം നടത്തുക, സ്കൂൾ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുണ്ടായാൽ പ്രാദേശിക പൊലീസിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ഉടൻ അറിയിക്കണം. ഇത്തരം സംഭവങ്ങളിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), 2023, പോക്സോ നിയമം, 2012, ജുവനൈൽ ജസ്റ്റിസ് നിയമം, 2015, ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സി.ജെ.പി ‘സ്കൂൾ ഠീക് കറോ’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ് പുറത്തുവന്നത്.

Tags:    
News Summary - CJP Challenges Rajasthan School Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.