ജഡ്ജി രവി കുമാർ ദിവാകർ 

4 മാസത്തിനിടെ 22 വധശിക്ഷകൾ; യു.പി ജഡ്ജിയുടെ അതിവേഗ കർശന നടപടികൾ ദേശീയ തലത്തിൽ ചർച്ചയാകുന്നു

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രവി കുമാർ ദിവാകർ കഴിഞ്ഞ നാല് മാസത്തിനിടെ പുറപ്പെടുവിച്ച കർശനമായ വിധികൾ ദേശീയ തലത്തിൽ ചർച്ചയാകുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായത്’ എന്ന് വിലയിരുത്തി നാല് മാസത്തിനുള്ളിൽ 10 കേസുകളിലായി 22 പ്രതികൾക്കാണ് അദ്ദേഹം വധശിക്ഷ വിധിച്ചിരിക്കുന്നത്.

ലഖ്‌നൗ സ്വദേശിയായ 46 കാരനായ ജഡ്ജി രവി കുമാർ ദിവാകർ 2009ൽ അസംഗഢിൽ അഡീഷണൽ സിവിൽ ജഡ്ജിയായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് സുൽത്താൻപൂർ ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 2025 നവംബർ മുതൽ മുസഫർനഗറിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി പ്രവർത്തിച്ചു വരുന്നു. ഇതിനുമുമ്പ്, 2022ൽ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വിഡിയോഗ്രാഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയും അദ്ദേഹം വലിയ തോതിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

ആഗസ്റ്റ് 13-ന് 12 വർഷം മുൻപുള്ള ഒരു കൊലപാതക കേസിൽ നാല് പ്രതികൾക്ക് അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ശംലി ജില്ലയിൽ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പവൻ കുമാർ എന്നയാളെ വെടിവെച്ചുകൊന്ന കേസിൽ രാംവീർ, രാജീവ്, രാഹുൽ, ഹരേന്ദർ കുമാർ എന്നീ പ്രതികൾക്കാണ് പിഴയും വധശിക്ഷയും വിധിച്ചത്.

ഇതിനുപുറമെ, 1999ൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷാനവാസിനും കോടതി വധശിക്ഷ വിധിച്ചിരുന്നു. 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു സലീം എന്ന വ്യാപാരിയെ കൊലപ്പെടുത്തിയത്.

2011ലെ കർഷക കൊലപാതകം, 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈരാഗ്യത്തെതുടർന്നുള്ള കൊലപാതകം, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഹോം ഗാർഡിനെ കുത്തിക്കൊന്ന കേസ്, വിവിധ ഇരട്ടക്കൊലപാതകങ്ങൾ എന്നിങ്ങനെ നീളുന്ന കേസുകളിലെല്ലാം ജഡ്ജി വധശിക്ഷയാണ് വിധിച്ചത്.

കുറ്റകൃത്യങ്ങൾക്കെതിരെയുള്ള കർശന നടപടിയെന്ന രീതിയിൽ ഒരു വിഭാഗം ഇതിനെ പിന്തുണക്കുമ്പോൾ, വധശിക്ഷയുടെ അമിതമായ പ്രയോഗത്തെയും അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദഗ്ധരും കടുത്ത ആശങ്കകളാണ് പ്രകടിപ്പിക്കുന്നത്.

Tags:    
News Summary - Muzaffarnagar Fast-Track Judge Ravi Kumar Diwakar Sentences 22 to Death in 4 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.