ന്യൂഡല്‍ഹി: കോളജുകളിലെ വോട്ടിങ് പ്രക്രിയയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും പേപ്പര്‍ ബാലറ്റ് രീതി ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുമായി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍വകലാശാല. ഈ അധ്യയന വര്‍ഷം മുതല്‍ ഇ.വി.എം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയരീതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സഹായത്തോടെ ആയിരത്തോളം വോട്ടിങ് മെഷീനുകൾ വാങ്ങിയതായി സ്റ്റുഡന്റ്‌സ് യൂനിയന്‍ ചീഫ് ഇലക്ഷന്‍ ഓഫിസര്‍ രാജ് കിഷോര്‍ ശർമ പറഞ്ഞു. പേപ്പര്‍ ബാലറ്റുകൾ ഉപയോഗിച്ച് സ്വന്തമായി തെരഞ്ഞെടുപ്പ് നടത്തുന്ന കോളജുകൾക്ക് ഇ.വി.എം ഉപയോഗം പുതിയൊരു കാൽവെപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2006 മുതൽ ഡല്‍ഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ, സർവകലാശാലയുടെ കീഴിലുള്ള കോളജുകൾ ഇ.വി.എം ഉപയോഗിച്ചിരുന്നില്ല. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 91 കോളജുകളില്‍ 47 എണ്ണം മാത്രമാണ് ഡല്‍ഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂനിയനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. മറ്റു കോളജുകൾ സ്വന്തമായി സ്റ്റുഡന്റ്സ് യൂനിയന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുകയാണ്. ഓരോ കോളജുകളിലും സ്റ്റുഡന്റ്സ് യൂനിയന്‍ തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത സമയങ്ങളിലാണ് നടക്കുന്നത്.
സര്‍വകലാശാലയുടെ കൈവശമുള്ള പല ഇ.വി.എമ്മുകളും തകരാറിലായിരുന്നുവെന്ന് രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞു. പുതിയ യൂനിറ്റുകള്‍ മാറ്റിസ്ഥാപിക്കാൻ അധികമായി ഇ.വി.എം വാങ്ങേണ്ടിവന്നു. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തങ്ങളുടെ പക്കല്‍ ഇത്തവണ കൂടുതല്‍ ഇ.വി.എമ്മുകളുണ്ട്. പുതിയതും കൂടുതൽ മെഷീനുകളും ഉള്ളതിനാല്‍, യൂനിയൻ തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കാന്‍ കോളജുകള്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍ അവരെ സഹായിക്കാനാകുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.
ഇ.വി.എമ്മുകള്‍ ഉപയോഗിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാകുമെന്നാണ് വിവിധ കോളജ് പ്രിൻസിപ്പൽമാർ ചൂണ്ടിക്കാട്ടുന്നത്.
പോളിങ്, ബാലറ്റ് പേപ്പറുകളുടെ വിതരണവും ശേഖരണവും, പോളിങ് സ്റ്റേഷനുകളുടെ പരിപാലനം, വോട്ടെണ്ണല്‍, അനുബന്ധ ചുമതലകള്‍ എന്നിവക്കായി വലിയൊരു വിഭാഗം അധ്യാപക-അധ്യാപകേതര ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കോളജുകളിൽ. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളോടെ ഇ.വി.എമ്മുകള്‍ അവതരിപ്പിക്കുന്നത് ഈ അഡ്മിനിസ്ട്രേറ്റിവ്, ലോജിസ്റ്റിക് ഭാരം ഗണ്യമായി കുറക്കാനും, കടലാസ് ഉപയോഗം കുറക്കാനും, സമയം ലാഭിക്കാനും സഹായിക്കുമെന്ന് ഹന്‍സ്‌രാജ് കോളജ് പ്രിന്‍സിപ്പല്‍ രമ ശര്‍മ പറഞ്ഞു.
ഈ തീരുമാനം മൊത്തത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മിറാൻഡ ഹൗസ് പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി നനത്‍യും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.