ന്യൂഡൽഹി: പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദു മൂസേവാലക്കുനേരെ വെടിവെച്ച രണ്ടുപേരും ഇതിൽപ്പെടുന്നു. ഹരിയാനയിലെ സൊനിപട് സ്വദേശി പ്രിയവൃത് (ഫൗജി-26), ഹരിയാനയിലെ ജാജ്ജർ ജില്ലയിലെ കാശിഷ് (24), പഞ്ചാബിലെ ഭട്ടിൻന്ദ സ്വദേശി കേശവ് കുമാർ (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ചിൽനിന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടിയത്.
പലതവണ നിരീക്ഷണം നടത്തിയശേഷമാണ് പ്രതികൾ കൊല നടപ്പാക്കിയതെന്ന് സ്പെഷൽ കമീഷണർ എച്ച്.ജി.എസ് ധാലിവാൽ പറഞ്ഞു. എട്ടു ഗ്രനേഡുകൾ, ഒമ്പത് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ, മൂന്നു തോക്കുകൾ, ആക്രമിക്കാനുള്ള കൈതോക്ക് എന്നിവയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
പ്രിയവൃതിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നും സംഭവം നടക്കുമ്പോൾ ഇയാൾ കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡി ബ്രാർ എന്ന ഗുണ്ടാനേതാവുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. സിദ്ദുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നേരത്തേ ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.