ന്യൂഡൽഹി: രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുത്. വ്യാജ വാർത്തകളിൽ വിശ്വസിച്ച് ജനം പെട്രോൾ പമ്പുകളിൽനിന്നും ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ട് എൽ.പി.ജി ടാങ്കറുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. 94,000 മെട്രിക് ടൺ എൽ.പി.ജിയുള്ള ഇന്ത്യൻ കപ്പലുകൾ ഉടൻ എത്തും. ബി.ഡബ്ല്യൂ ടി.വൈ.ആർ മാർച്ച് 31ന് മുംബൈ തീരത്തും ബി.ഡബ്ല്യൂ. ഇ.എൽ.എം ഏപ്രിൽ 1ന് മംഗ്ലൂർ തീരത്തെത്തും.
പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 18 കപ്പലുകളാണുള്ളത്. മാർച്ച് 27ന് അബുദാബിയിൽ അന്തരിച്ച ഒരു ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഒമാനിലെ സലാലയിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരന് വൈദ്യസഹായം നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷക്കും പ്രഥമ പരിഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്കിടയിലും മുമ്പ് ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് രണ്ട് പാചകവാതക കപ്പലുകൾ എത്തിയിരുന്നു. 47,000 മെട്രിക് ടൺ എൽ.പി.ജിയുമായാണ് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച ഗുജറാത്തിലെ ജാംനഗറിലുള്ള വടിനാർ ടെർമിനലിൽ എത്തിയത്. ഇവർക്ക് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ സുരക്ഷയിലാണ് പാചകവാതകം കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഇന്ത്യയിലെത്തും. ഗുജറാത്ത് തീരത്തെത്തിയ കപ്പലാൽ എം.ടി ജഗ് വസന്തിൽനിന്ന് പാചകവാതകം മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാക വഹിച്ചുള്ള കപ്പലുകളിലെ ജീവനക്കാർ സുരക്ഷിതരാണ്. ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതപാത ഒരുക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ എൽ.പി.ജി ഉപഭോഗത്തിന്റെ 70 ശതമാനവും വീടുകളിലെ ആവശ്യത്തിനായുള്ളതാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം പുനരാരംഭിക്കുന്നത് രാജ്യത്തെ നിലവിലെ പാചകവാതക ക്ഷാമത്തിന് വലിയ ആശ്വാസമാകും. ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള കമ്യൂണിക്കേഷൻ സെന്റർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.