ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഹമീർപൂരിൽ റോഡ് നിർമ്മിക്കാത്തതിനെതിരെ വിദ്യാർഥികൾ ജില്ല കളക്ടറേറ്റ് ഉപരോധിച്ചതിന് പിന്നാലെ, ലഖ്‌നൗവിലും കണ്ണൂജിലും സമാനമായ രീതിയിൽ വിദ്യാർഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. മോശം ഭക്ഷണവും അധ്യാപകരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് ഈ പുതിയ പ്രതിഷേധങ്ങൾ.
ലഖ്‌നൗവിലെ സർവിദ്യ വിദ്യാലയത്തിലെ വിദ്യാർഥികളാണ് സ്കൂളിന് മുന്നിൽ റോഡ് ഉപരോധിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്. ഉച്ചഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് കുട്ടികൾ ആരോപിച്ചു. കൂടാതെ, സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ലെന്നും യോഗ്യതയില്ലാത്തവരാണ് പല വിഷയങ്ങളും പഠിപ്പിക്കുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തർപ്രദേശ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി അസീം അരുണും മറ്റ് ഉദ്യോഗസ്ഥരും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുട്ടികൾ സമരം പിൻവലിച്ചത്.
ഇതിനുപുറമെ, കണ്ണൂജ് അനൗഗിയിലെ നവോദയ വിദ്യാലയത്തിൽ ഏകദേശം 95-ഓളം വിദ്യാർഥികൾ വ്യാഴാഴ്ച നിരാഹാര സമരം നടത്തി. ഭക്ഷണത്തിന്റെ മോശം നിലവാരവും ശുദ്ധജലമില്ലായ്മയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ ഹോസ്റ്റൽ മുറികളിൽ അടച്ചിരുന്ന് സമരം ചെയ്തത്. വിവരമറിഞ്ഞെത്തിയ മുതിർന്ന ജില്ല ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കുട്ടികൾ സമരം അവസാനിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഹമീർപൂർ ജില്ലയിൽ സ്കൂളിലേക്ക് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ ദേശീയപതാകയേന്തി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഫത്തേപൂരിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥികളും ഫാനുകൾ, ഫർണിച്ചറുകൾ, കുടിവെള്ളം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി സമാനമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അധികൃതർ ഉടൻ തന്നെ ക്ലാസ് മുറികളിൽ ഫാനുകൾ സ്ഥാപിക്കുകയും മറ്റ് സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.