എസ്.ഐ.ആർ സ്പെഷൽ ഡ്രൈവ്; അപ്പീൽ നൽകിയവർക്ക് അവസരമില്ല
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ വ്യാപക പ്രതിഷേധത്തിനൊടുവിൽ ബി.എൽ.ഒമാർ വീടുവീടാന്തരം കയറി വോട്ടർപട്ടികയിൽ വീണ്ടും ചേർക്കാനുള്ള സ്പെഷൽ ഡ്രൈവ് നടത്തുമ്പോൾ പശ്ചിമ ബംഗാളിലെ ലക്ഷക്കണക്കിനാളുകൾക്ക് ഇളവ് ലഭിക്കില്ല. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിന് ട്രൈബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയവർക്ക് സ്പെഷൽ ഡ്രൈവ് ആനുകൂല്യം ലഭിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.
ഇതോടെ, അപ്പലറ്റ് ട്രൈബ്യൂണലുകളെ സമീപിച്ചിട്ടുള്ള 22.21 ലക്ഷത്തോളം വരുന്ന വോട്ടർമാർക്ക് തങ്ങളുടെ കേസുകളിൽ അന്തിമ തീരുമാനമായി വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. തെരഞ്ഞെടുപ്പ് കമീഷൻ ഒക്ടോബർ ഒന്നിന് നൽകിയ നിർദേശമനുസരിച്ച്, എസ്.ഐ.ആറിന് മുമ്പും ശേഷവുമുള്ള വോട്ടർ പട്ടിക താരതമ്യം ചെയ്ത് ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി വീണ്ടും ചേർക്കാൻ ശ്രമിക്കണമെന്നാണ് ഇലക്ടറൽ ഓഫിസർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എൽ.ഒമാർ അത്തരം വോട്ടർമാരുടെ വീടുകൾ സന്ദർശിച്ച് യോഗ്യത ഉള്ളവരെ ഫോം പൂരിപ്പിക്കാൻ സഹായിക്കണം.
പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിലെ കടും വെട്ട് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് മാർച്ച് 21നാണ് തെരഞ്ഞെടുപ്പ് കമീഷൻ ബംഗാളിൽ 19 അപ്പലറ്റ് ട്രൈബ്യൂണലുകൾ രൂപവത്കരിച്ചത്. അപ്പീൽ അനുസരിച്ച് അനുബന്ധ പട്ടിക വഴി വോട്ടർ പട്ടികയിൽ ചേർക്കാനായിരുന്നു ഉത്തരവ്. ഏപ്രിൽ 23ന് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വെറും 136 പേരുടെ പേരുവിവരങ്ങൾ മാത്രമാണ് ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാം, റെജിനഗർ എന്നീ മണ്ഡലങ്ങളിൽ യഥാക്രമം 6,000ൽ അധികവും 12,000ൽ അധികവും അപ്പീലുകൾ തീർപ്പുകൽപിക്കാതെ ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുകയാണ്. കമീഷന്റെ പുതിയ തീരുമാനം കാരണം ഈ മണ്ഡലങ്ങളിലെ പതിനായിരക്കണക്കിന് വോട്ടർമാർക്ക് തുടർച്ചയായി രണ്ടാം തവണയും വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.