മുൻ സി.ബി.ഐ ഡയറക്ടർ എം. നാഗേശ്വര റാവു സജീവ രാഷ്ട്രീയത്തിലേക്ക്; സർവജന സനാതന പാർട്ടി ദേശീയ അധ്യക്ഷൻ

വാരാണസി: മുൻ സി.ബി.ഐ ഡയറക്ടർ എം. നാഗേശ്വര റാവു സജീവ രാഷ്ട്രീയത്തിലേക്ക്. സർവജന സനാതന പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റു. വാരണാസിയിൽ ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഇന്ത്യയുടെ പുനർനിർമാണം ഭരണപരിഷ്കാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നാഗേശ്വര റാവു പറഞ്ഞു. ആധുനിക വികസനത്തിനൊപ്പം രാജ്യത്തിന്റെ നാഗരികവും സാംസ്കാരികവുമായ വേരുകളുമായി ബന്ധം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. കാശിയിൽനിന്നാണ് തന്റെ പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതെന്നും നാഗേശ്വര റാവു വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, നാഗരിക പുനസംയോജനം എന്നിവയാണ് സർവജന സനാതന പാർട്ടിയുടെ കാഴ്ചപ്പാടിന്റെ നാല് പ്രധാന തൂണുകളെന്നും പാർട്ടിയുടെ ലക്ഷ്യം ഭൂതകാലത്തിലേക്ക് മടങ്ങുകയല്ല, മറിച്ച് നാഗരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണെന്നും നാഗേശ്വര റാവു പറഞ്ഞു.

തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നുള്ള എം. നാഗേശ്വര റാവു കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ പൊലീസ് സർവീസിൽ പ്രവേശിച്ചത്. വിവിധ സുരക്ഷാ, നിയമ സമാധാന, ഭരണ ചുമതലകൾ വഹിച്ച അദ്ദേഹം പിന്നീട് സി.ബി.ഐ ഡയറക്ടറുടെ ചുമതലയിലെത്തി.

വാരാണസിയിൽ നടന്ന നാഗേശ്വര റാവുവിന്റെ പാർട്ടി ​പ്രവേശന ചടങ്ങിൽ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് മഹന്ത് തീർഥാനന്ദ്, വൈസ് പ്രസിഡന്റ് ഋതു റാത്തോഡ്, ജനറൽ സെക്രട്ടറി രാജ സക്ഷം സിങ് യോഗി, വക്താവ് ബബിത ശർമ, ഉത്തർപ്രദേശ് ചുമതലയുള്ള രാകേഷ് തിവാരി, സംഘടനാ സെക്രട്ടറി നരനാരായൺ സിങ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Former CBI Chief m nageshwar rao enters politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.