രാഹുൽ ഗാന്ധി

'റായ്ബറേലിയിൽ മത്സരിക്കാൻ ഭയന്നു ,പിന്മാറാൻ പോലും തയാറായി '; രാഹുൽ ഗാന്ധിക്കെതിരെ ശിവ് പാൽ സിങ്

ന്യൂഡൽഹി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിച്ചത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഉറപ്പിലും ഇടപെടലിലുമാണെന്ന് എസ്.പി എംപി ശിവ് പാൽ സിങ് പട്ടേൽ. ഒരു ഘട്ടത്തിൽ റായ്ബറേലിയിൽനിന്ന് മത്സരിക്കുന്നതിൽനിന്ന് രാഹുൽ ഗാന്ധി പിന്മാറാൻ പോലും തയാറായിരുന്നുവെന്നും ശിവ് പാൽ സിങ് അവകാശപ്പെട്ടു.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി കോൺഗ്രസിന് സഖ്യമില്ലായിരുന്നെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ വോട്ടുകൾ പൂർണമായി ലഭിച്ചതാണ് കോൺഗ്രസിന് സംസ്ഥാനത്ത് ആറ് സീറ്റുകളിൽ വിജയിക്കാൻ സഹായിച്ചതെന്നും ശിവ് പാൽ സിങ് ചൂണ്ടിക്കാട്ടി. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഇരുപാർട്ടികളും ഒരുമിച്ച് മത്സരിച്ചതാണ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേട്ടമായതെന്ന വാദത്തിനിടെയാണ് സമാജ്‌വാദി പാർട്ടി നേതാവിന്റെ ഈ പരാമർശം.

എന്നാൽ ശിവ് പാൽ സിങ്ങിന്റെ പ്രസ്താവനക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് ശക്തമായി രംഗത്തെത്തി. ഇൻഡ്യ സഖ്യം ഉള്ളതുകൊണ്ടാണ് ശിവ് പാൽ സിങ് ഇന്ന് എംപിയായിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അൻഷു അശ്വതി തിരിച്ചടിച്ചു. സഖ്യത്തിന്റെ ഭാഗമായുള്ള പരസ്പര സഹകരണത്തിന്റെ നേട്ടം ലഭിച്ച ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ വിമർശിച്ചു.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശിവ് പാൽ സിങ് നടത്തിയ പരാമർശങ്ങൾ ഉത്തർപ്രദേശിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - Rahul Feared Raebareli Contest: Shivpal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.