സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു

അമൃത്സർ: പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു. അമൃത്സറിലെ ലോഹർക റോഡിൽ ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.

മോട്ടോർസൈക്കിളിലെത്തിയ രണ്ട് അജ്ഞാതർ സന്ധുവിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് സന്ധുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ ‘ഗോൾഡി ദില്ലൻ’ (Goldy Dhillon) എന്ന പേരിലുള്ള ഫേസ്ബുക് അക്കൗണ്ടിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നു​ണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമീഷണർ സിരിവെന്നേല പറഞ്ഞു.

മധുസൂദൻ സന്ധു എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. അദ്ദേഹത്തിന് നേർക്ക് രണ്ടോ മൂന്നോ റൗണ്ട് വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

മേക്കപ്പ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ആഡംബര ലുക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മാഡ് സന്ധു. ഇൻസ്റ്റഗ്രാമിൽ 2.26 ലക്ഷം ഫോളോവേഴ്സുണ്ട്. മേക്കപ്പ്, സിനിമാ മേഖല, ജെൻഡർ വിഷയങ്ങൾ എന്നിവയെക്കുറിച്ച് വിവിധ പോഡ്കാസ്റ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അദ്ദേഹം സംസാരിച്ചിരുന്നു.

ഫാഷൻ മേഖലയിലൂടെയായിരുന്നു സന്ധുവിന്റെ കരിയറിന്റെ തുടക്കം. പഞ്ചാബിലും മുംബൈയിലും സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചു. പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റ്, മോഡൽ, നടൻ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. പഞ്ചാബി സിനിമകളിലും അഭിനയിച്ചിരുന്നു.

എൽ.ജി.ബി.ടി.ക്യു പ്ലസ് സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജെൻഡർ, സാമൂഹിക മാനദണ്ഡങ്ങൾ തുടങ്ങിയ വിഷയങ്ങളിലും സന്ധു സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഹോമോഫോബിക് ട്രോളിങ്ങും വിമർശനങ്ങളും നേരിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Punjabi influencer and makeup artist Mad Sandhu Shot Dead in Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.