ഡോക്ടർ എത്തിയില്ല; ശസ്ത്രക്രിയ നടത്തിയത് ആശുപത്രി മാനേജർ, യുവതിക്ക് ദാരുണാന്ത്യം
ലഖ്നോ: ഉത്തർപ്രദേശിൽ ഡോക്ടർ എത്താത്തതിനെ തുടർന്ന് രോഗിക്ക് ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രി മാനേജർ അറസ്റ്റിൽ. ചന്ദൗലി ജില്ലയിലെ ധനാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്രായിയ ഗ്രാമത്തിലെ ഇന്ദ്ര ആശുപത്രിയിലാണ് സംഭവം.
24കാരനായ ഇന്ദ്രജീത് പ്രജാപതിയാണ് അറസ്റ്റിലായത്. ഇയാൾ ബി.എസ്.സി നഴ്സിങ് വിദ്യാർഥിയാണെന്നും മെഡിക്കൽ ബിരുദമില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ, ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. ആശുപത്രി സീൽ ചെയ്യാൻ ആരോഗ്യവകുപ്പ് ശിപാർശ ചെയ്യുകയും ചെയ്തു.
ആഗസ്ത് 19 നാണ് കേസിനാസ്പദമായ സംഭവം. ഗർഭപാത്രവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായാണ് ലഖായിപുർ ഗ്രാമവാസിയായ സുമൻ എന്ന യുവതി ആശുപത്രിയിലെത്തിയത്. തൊട്ടടുത്ത ദിവസമാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് ആശുപത്രിയിൽ ഡോക്ടർ എത്തിയില്ല. തുടർന്ന് ആശുപത്രി മാനേജർ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെ സുമന്റെ ആരോഗ്യനില വഷളാകുകയും അന്നുതന്നെ മരിക്കുകയും ചെയ്തു.
സുമന്റെ മരണത്തെ തുടർന്ന് പിതാവ് ചന്ദ്രാവലി ബിന്ദ് ധനാപുർ പൊലീസിൽ പരാതി നൽകി. തുടർന്ന് ചന്ദൗലി ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ശസ്ത്രക്രിയക്കിടെ തെറ്റായ രക്തക്കുഴൽ മുറിക്കുകയും വൃക്കക്ക് കേടുപാടുണ്ടാകുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മെഡിക്കൽ അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുമ്പോൾ ഡോക്ടറോ ആവശ്യമായ പാരാമെഡിക്കൽ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പൊലീസ് പിന്നീട് ആശുപത്രിയിൽനിന്ന് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.