ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ വി.ബി-ജി- റാം-ജി (വികസിത് ഭാരത് - ഗാരൻറി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)) ബിൽ 2005 ഗാന്ധിനിന്ദയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റിനകവും പുറവും ഇളകി മറിഞ്ഞു. ഗാന്ധിചിത്രങ്ങളുയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളികളോടെ വിവാദ ബിൽ അവതരണത്തെ നേരിട്ട പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെക്കാതെയാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ലോക്സഭയിൽ ബിൽ അവതരിപ്പിക്കുന്നതിനെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്ത് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജ്യതാൽപര്യം മുൻ നിർത്തിയുള്ള ബിൽ പാസാക്കുകതന്നെ ചെയ്യുമെന്ന് പ്രക്ഷുബ്ധമായ സഭയിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചു. അതേസമയം, ഗാന്ധി വധത്തിനു ശേഷം ഹിന്ദുത്വം വീണ്ടും നടത്തുന്ന ഗാന്ധി നിന്ദയാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധം വകവെക്കാതെ ഇന്ന് ബിൽ ലോക്സഭ ചർച്ചക്കെടുത്ത് പാസാക്കാനിടയുണ്ടെന്നാണ് ചൗഹാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മഹാത്മാഗാന്ധി തനിക്ക് സ്വന്തം കുടുംബത്തിൽനിന്നെന്ന പോലെയാണെന്നും രാജ്യത്തിനൊന്നാകെ അങ്ങനെയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേര് വിളിച്ച് ‘രാഷ്ട്രപിതാവിന്റെ പേര് നീക്കം ചെയ്ത വ്യക്തിയെന്നനിലയിൽ താങ്കളുടെ പേര് എന്നെന്നും ഓർക്കപ്പെടുമെന്ന് പ്രതിപക്ഷ അംഗങ്ങളുടെ ‘ഷെയിം’ വിളികൾക്കിടയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പരമ ദരിദ്രർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകണമെന്ന ഗാന്ധിയുടെ ആശയം ഉൗർജമാക്കിയാണ് യു.പി.എ കാലത്ത് ഡോ. മൻമോഹൻ സിങ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് പ്രതിപക്ഷ വിമർശനത്തിന് തുടക്കമിട്ട് ഡി.എം.കെ നേതാവ് ടി.ആർ. ബാലു ഓർമിപ്പിച്ചു. മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള നിന്ദയാണെന്നും ഇതു ഭരണഘടനയുടെ അനുച്ഛേദം 51 (എ) ഖണ്ഡം ബി യുടെ നഗ്നമായ ലംഘനമാണെന്നും എന്.കെ. പ്രേമചന്ദ്രന് പറഞ്ഞു. രാമനെ ആദരിക്കുന്നുണ്ടെന്നും എന്നാൽ, തനിക്ക് മഹാത്മാഗാന്ധിയാണ് അതിനേക്കാൾ പ്രസക്തമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു.
വിമർശനത്തിനുള്ള കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വിമർശനം ‘ഗാന്ധി വിരോധി ബി.ജെ.പി, ബാപ്പു വിരോധി യേ സർക്കാർ’ മുദ്രാവാക്യങ്ങളിൽ മുങ്ങി. ഗാന്ധിയുടെ ഭാവനക്ക് അനുസൃതമായി രാമരാജ്യം സ്ഥാപിക്കുന്നതിനാണ് ബിൽ എന്ന് ചൗഹാൻ ന്യായീകരിച്ചു. ഗാന്ധിക്കൊപ്പം പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ ചിന്തകളെ കൂടി ചേർത്തുപിടിച്ചാണ് ബിൽ കൊണ്ടുവന്നതെന്ന് ചൗഹാൻ അവകാശപ്പെട്ടു.
രാമരാജ്യം സ്ഥാപിക്കുമെന്ന് പറഞ്ഞത് ബാപ്പു തന്നെയാണെന്നും അദ്ദേഹത്തിന്റെ അവസാന ശബ്ദവും രാം രാം എന്നായിരുന്നുവെന്നും ശിവരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.