ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജിലെ എ.ബി.വി.പി അക്രമത്തിനെതിരെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ശനിയാഴ്ച പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. ഡല്‍ഹി സര്‍വകലാശാലയെ ഫാഷിസ്റ്റ് ഭീകരരില്‍നിന്ന് രക്ഷിക്കുക എന്നാവശ്യപ്പെട്ട്, മണ്ഡി ഹൗസില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു.
എം.പിമാരായ സീതാറാം യെച്ചൂരി, കെ.സി. ത്യാഗി, ഡി. രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബിന്‍െറ മാതാവ് ഫാത്വിമ നഫീസ്, ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, ഷെഹ്ല റാശിദ് തുടങ്ങി നിരവധി പേര്‍ മാര്‍ച്ചില്‍ സംസാരിച്ചു.
ഗുര്‍മെഹര്‍ കൗര്‍, നജീബ് അഹ്മദ്, രോഹിത് വെമുല തുടങ്ങിയവരുടെ ചിത്രങ്ങളുയര്‍ത്തിയും ആസാദി മുദ്രാവാക്യങ്ങള്‍ വിളിച്ചും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ജെ.എന്‍.യു, ജാമിഅ മില്ലിയ എന്നീ സര്‍വകലാശാലകളില്‍നിന്നുള്ളവരും പങ്കെടുത്തു.
ഉമര്‍ ഖാലിദ്, ഷെഹ്ല റാഷിദ് എന്നിവരെ രാംജാസ് കോളജില്‍ നടന്ന സെമിനാറിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി ആക്രമണം തുടങ്ങിയത്. ഫാഷിസം എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചതിന് വെള്ളിയാഴ്ച പഞ്ചാബ് സര്‍വകലാശാലയിലും എ.ബി.വി.പി അക്രമം നടത്തിയിരുന്നു. സാമൂഹികപ്രവര്‍ത്തക സീമ ആസാദിനെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു സെമിനാര്‍ സംഘടിപ്പിച്ച സ്റ്റുഡന്‍റ്സ് ഫോര്‍ സൊസൈറ്റി സംഘടനാ പ്രവര്‍ത്തകരെ എ.ബി.വി.പി ആക്രമിച്ചത്. ജയ്പുര്‍ ജയ് നാരായണ്‍ വ്യാസ് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു പ്രഫസര്‍ നിവേദിത മേനോനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടും സമാനമായ സംഭവം നടന്നിരുന്നു. എ.ബി.വി.പി നല്‍കിയ പരാതിയില്‍ സെമിനാര്‍ സംഘടിപ്പിച്ച പ്രഫ. രാജശ്രീ രണ്‍വത്തിനെ കഴിഞ്ഞ ദിവസം സര്‍വകലാശാല പുറത്താക്കി.
അതേസമയം, ബലാത്സംഗഭീഷണിക്കെതിരെ ഗുര്‍മെഹര്‍ നല്‍കിയ പരാതിയില്‍ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
രാംജാസില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുക്കല്‍ കഴിഞ്ഞ ദിവസം തുടങ്ങി. മര്‍ദനത്തിനിരയായ രാംജാസ് അധ്യാപകന്‍ പ്രശാന്ത് ചക്രവര്‍ത്തി ഇപ്പോഴും ആശുപത്രിയിലാണ്. രാജ്യത്തെ കാമ്പസുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയും വെള്ളിയാഴ്ച കാമ്പസില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.