‘താഴെത്തട്ടിലുള്ള ജീവനക്കാർക്ക് കോടികളുടെ തിരിമറി നടത്താനാകുമോ?’; രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പിൽ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തെ തള്ളി കോൺഗ്രസ് രംഗത്ത്. രാമക്ഷേത്രത്തിലെ സംഭാവനകളിൽ നടന്നതായി പറയപ്പെടുന്ന തട്ടിപ്പും ക്രമക്കേടുകളും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് മുറിപ്പെടുത്തിയതെന്നും, ഇത്തരം പ്രവർത്തികൾ ശ്രീരാമന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തട്ടിപ്പിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയവും പ്രിയങ്ക ​പ്രകടിപ്പിച്ചു.

താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവനകളിൽ കൃത്രിമം കാണിക്കാനും സാധിക്കുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. സാധാരണ ജീവനക്കാരുടെ തലയിൽ കുറ്റം കെട്ടിവെച്ച് യഥാർത്ഥ കുറ്റവാളികളായ ഉന്നതതലത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് എ.ഐ.സി.സി വക്താവ് രാജീവ് ശുക്ലയും ആരോപിച്ചു. അഴിമതി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇതിന് പിന്നിൽ ഉന്നതതല ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ രാമന്റെ പേരിൽ വോട്ടുകൾ കൊള്ളയടിച്ച ബി.ജെ.പി ഇപ്പോൾ രാമന്റെ പേരിൽ നോട്ടുകൾ കൊള്ളയടിക്കുകയാണെന്ന് രാജീവ് ശുക്ല കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ട് അതിന്റെ നിയന്ത്രണം ശങ്കരാചാര്യർ ഉൾപ്പെടെയുള്ള മതനേതാക്കളെ ഏൽപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്യുകയും 80 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സദാചാര ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അംഗമായ അനിൽ മിശ്രയും വെള്ളിയാഴ്ച രാജിവെച്ചിരുന്നു. 

അതേസമയം, 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലെ ക്രമക്കേടുകൾ മാത്രമാണ് നിലവിൽ പരിശോധിക്കുന്നത്. പണവും സ്വർണവും വെള്ളിയും ഉൾപ്പെടെ ചമ്പത് റായിയുടെ കാലയളവിൽ നഷ്ടപ്പെട്ട സമ്പത്തിന്റെ പൂർണ്ണരൂപം ഇനിയും പുറത്തുവന്നിട്ടില്ല. രാമക്ഷേത്രത്തിലെ 42 ദിവസത്തിനിടെ നടന്ന 70 മോഷണങ്ങൾ മാത്രമാണ് നിലവിൽ പുറത്തുവന്നത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ സൂത്രധാരൻമാരെ കണ്ടെത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെയും ആർ.എസ്.എസിന്റെയും വിശ്വസ്തനായിരുന്ന ചമ്പത് റായിയുടെ രാജി അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും പാർട്ടി കുറ്റപ്പെടുത്തി. 

Tags:    
News Summary - Priyanka Gandhi Calls for Investigation into Ram Temple Donation Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.