പഞ്ചാബ് ലവ്‍ലി സർവകലാശാല അക്രമം; അഞ്ച് പേർ അറസ്റ്റിൽ, 20 പേരെ പ്രതിചേർത്തു
ചണ്ഡിഗഢ്: പഞ്ചാബിലെ ലവ്‍ലി പ്രഫഷനൽ സർവകലാശാല കാമ്പസിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം, തീവെപ്പ്, നാശനഷ്ടം, കൊള്ള, പൊലീസിനെതിരായ ആക്രമണം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിൽ ഏകദേശം 20 പേരെ എഫ്.ഐ.ആറിൽ പ്രതിചേർത്തതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ മൂന്ന് പേർ എൽ.പി.യു വിദ്യാർഥികളാണ്. രണ്ടുപേർ പുറത്തുനിന്നുള്ളവരും. ഫഗ്വാര സ്വദേശികളായ ഗഗൻദീപ് സിങ്, കമൽ എന്നിവരും സോനിപത് സ്വദേശിയും എൽ.പി.യുവിലെ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ജെയിംസ് ദാഹിയയും അറസ്റ്റിലായവരിൽ ഉൾപ്പെടും. ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർഥി മുഹമ്മദ് ഫർഹത്തിനെയും പൊലീസ് കേസിൽ പ്രതിചേർത്തിട്ടുണ്ട്.
അതേസമയം കാമ്പസിൽ സ്ഥാപിച്ചിരുന്ന ഡീകമീഷൻ ചെയ്ത മിഗ് 23 യു.എം വിമാനത്തിൽ കയറിയ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയെയും പൊലീസ് പിടികൂടി. വിമാനത്തിന് മുകളിൽ വിദ്യാർഥി ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കപൂർത്തല ജില്ലയിലെ സത്‌നാംപുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നമ്പർ 163 പ്രകാരമാണ് അറസ്റ്റ്. അറസ്റ്റിലായ മൂന്ന് പേരെ ഫഗ്വാരയിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കാമ്പസിലെ സി.സി.ടി.വി ദൃശ്യങ്ങൾ, സോഷ്യൽ മീഡിയ വീഡിയോകൾ, മറ്റ് ഡിജിറ്റൽ വിവരങ്ങൾ എന്നിവ പരിശോധിച്ചാണ് അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സർവകലാശാലയിലെ 5,500 ഓളം സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനായി പഞ്ചാബ് പൊലീസ് എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഫഗ്വാര എസ്.പി മേജർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.പി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടും.
ഒരു വനിതാ വിദ്യാർഥിനിയെ പുറത്തുനിന്നുള്ള ഒരാൾ ലൈംഗികമായി ആക്രമിച്ചെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് എൽ.പി.യുവിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് നീങ്ങി. ദേശീയപാത 44 ഉപരോധിക്കുകയും കാമ്പസിലെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
അതേസമയം, വിദ്യാർഥികളുടെ പ്രതിഷേധത്തെ പുറത്തുനിന്നുള്ളവർ ചൂഷണം ചെയ്തുവെന്ന് എൽ.പി.യു ചാൻസലറും ബി.ജെ.പി രാജ്യസഭാ എം.പിയുമായ അശോക് മിത്തൽ ആരോപിച്ചു. സർവകലാശാലയിലെ അക്രമം, നാശനഷ്ടങ്ങൾ, മോഷണം എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.