വരൾച്ച രൂക്ഷം; മഹാരാഷ്ട്രയിലേക്ക് വെള്ളം എത്തിക്കാൻ വാട്ടർ ട്രെയിൻ, ആദ്യം ജലസ്രോതസ്സ് കണ്ടെത്തണം

മുംബൈ: വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ ജില്ലകളിലേക്ക് പ്രത്യേക വാട്ടർ ട്രെയിനുകൾ ഓടിക്കാൻ സെൻട്രൽ റെയിൽവേ തയ്യാറാണെന്ന് അധികൃതർ. എന്നാൽ വെള്ളം എത്തിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ആവശ്യമായ അളവിൽ വെള്ളത്തിന്റെ സ്രോതസ്സ് കണ്ടെത്തി ക്രമീകരണം നടത്തേണ്ടതുണ്ട്. വാട്ടർ ട്രെയിൻ സർവീസിനായി സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടില്ല.

മൺസൂൺ മഴ കുറഞ്ഞതും തുടർച്ചയായ വരൾച്ചയും കാരണം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് റെയിൽവേയുടെ പ്രതികരണം. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണവും വരൾച്ചബാധിത പ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിളനാശം വിലയിരുത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വെള്ളം കണ്ടെത്തി നൽകുക എന്നത് റെയിൽവേയുടെ ചുമതലയല്ലെന്നും ലഭിക്കുന്ന വെള്ളം ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് റെയിൽവേ ചെയ്യുകയെന്നും സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്നിൽ നീല പറഞ്ഞു. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ അനുയോജ്യമായ ജലസ്രോതസ്സ് കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയ ശേഷമായിരിക്കും വാട്ടർ ട്രെയിൻ ഓപ്പറേഷൻ ആരംഭിക്കുക.

2016ലെ രൂക്ഷമായ വരൾച്ചക്കിടെ ‘ജൽദൂത്’ ട്രെയിനുകൾ വഴി ലാത്തൂരിലേക്ക് 100ലേറെ സർവിസുകളിലായി 24 കോടി ലിറ്ററിലധികം വെള്ളം എത്തിച്ചിരുന്നു. 2016 ഏപ്രിൽ 11ന് മിറാജിൽനിന്നാണ് ആദ്യ ട്രെയിൻ പുറപ്പെട്ടത്. 50,000 ലിറ്റർ വീതം ശേഷിയുള്ള 10 വാഗണുകളാണ് ആദ്യ സർവിസിലുണ്ടായിരുന്നത്.

എന്നാൽ നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. മഹാരാഷ്ട്രയുടെ 70 ശതമാനത്തിലധികം പ്രദേശങ്ങളിൽ വരൾച്ച ബാധിച്ചതായും സമീപ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും വരൾച്ച പ്രഖ്യാപിച്ചതായും അധികൃതർ വ്യക്തമാക്കി.

2016 ൽ ഒരു സ്ഥലത്തുനിന്ന് വെള്ളം ശേഖരിച്ച് ഒരു വരൾച്ചബാധിത ജില്ലയിലേക്ക് എത്തിച്ചാൽ മതിയായിരുന്നു. എന്നാൽ നിലവിൽ നിരവധി ജില്ലകളിലും സംസ്ഥാനങ്ങളിലുമായി വരൾച്ച വ്യാപിച്ചിരിക്കുന്നതിനാൽ വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകും.

അതേസമയം, ബീഡ്, സോലാപൂർ, കോൽഹാപൂർ തുടങ്ങിയ വരൾച്ചബാധിത മേഖലകളിലെ റെയിൽവേ സ്റ്റേഷനുകളിലും പ്രവർത്തനങ്ങൾക്കുമായി ആവശ്യമായ വെള്ളം ഉറപ്പാക്കാനുള്ള നടപടികളും സെൻട്രൽ റെയിൽവേ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത്  ഒക്ടോബർ എട്ടോടെ മൺസൂൺ പിൻവാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വൈകിയെത്തുന്ന മഴ വരൾച്ചബാധിത മേഖലകൾക്ക് കാര്യമായ ആശ്വാസം നൽകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Tags:    
News Summary - Severe drought; Water train to transport water to Maharashtra, water source must be found first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.