‘നിങ്ങളുടെ ചായ ഞങ്ങളുടെ പക്കൽ ബാക്കിയുണ്ട്’; സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു, പിന്നീട് വിട്ടയച്ചു

മുംബൈ: ഒക്ടോബർ രണ്ടിന് മുംബൈയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെ മറൈൻ ഡ്രൈവിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറച്ചു സമയത്തിന് ശേഷം പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.

പ്ലക്കാർഡുകളുമായി മറൈൻ ഡ്രൈവിലെത്തിയ അഭിജീത് ദീപ്കെയെ പൊലീസ് സംഘം മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് മുംബൈ പൊലീസ് വിശദീകരിച്ചു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അഭിജീത് ദീപ്കെ പ്രവർത്തകർക്കൊപ്പം മറൈൻ ഡ്രൈവിലെത്തിയത്. കൈയിൽ പ്ലക്കാർഡുകളുമായി ആളുകളോട് സംസാരിക്കുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. തുടർന്ന് വനിതാ ഇൻസ്പെക്ടർ ഉൾപ്പെട്ട പൊലീസ് സംഘം അഭിജീത് ദീപ്കെയെ പൊലീസ് വാഹനത്തിൽ മറൈൻ ഡ്രൈവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ ഉദ്യോഗസ്ഥ അഭിജീത് ദീപ്കെയോട് പേരും ജന്മനാടും ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മുംബൈ പൊലീസ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത നിഷേധിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ അദ്ദേഹം മറൈൻ ഡ്രൈവിൽ ഉണ്ടായിരുന്നുവെന്നും അവിടെ ആളുകളെ കാണുകയും അവിടെ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ മറ്റൊരു വിശദീകരണവുമായി അഭിജീത് ദീപ്കെ രംഗത്തെത്തി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നോട് ഒരു കപ്പ് ചായ കുടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ശേഷം അവിടെനിന്ന് പോകാൻ പറഞ്ഞു. ‘നിങ്ങളുടെ ചായ ഞങ്ങളുടെ പക്കൽ ബാക്കിയുണ്ട്’ എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി അഭിജീത് ദീപ്കെ പറഞ്ഞു. സ്റ്റേഷനിൽ ചായ നൽകിയില്ലെന്നും സമയം കളയുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ സ്റ്റേഷനിലെത്തിച്ചതെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ചെമ്പൂരിലെ അംബേദ്കർ ഹോസ്റ്റലിൽ വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയുടെ നിരവധി ഫോട്ടോകൾ അഭിജീത് ദീപ്കെ പോസ്റ്റ് ചെയ്തു.


ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിലെ ശിവാജി പാർക്കിൽ സി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നൽകിയിട്ടില്ല. ശിവാജി പാർക്കിലെ നിയന്ത്രണങ്ങൾ, ആവശ്യമായ സിവിക് അനുമതിയുടെ അഭാവം, ഗതാഗത തടസ്സത്തിനുള്ള സാധ്യത, അടിയന്തര വാഹനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാനുള്ള സാഹചര്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്.

Tags:    
News Summary - CJP Founder Abhijeet Dipke Briefly Detained in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.