എസ്.ഐ.ആർ ക്രൂരത വീണ്ടും; കർണാടകയിൽ മുസ്ലിം വോട്ടുകൾ വെട്ടി; തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ് ഉപരോധിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) സ്വേച്ഛാപരമായി തീരുമാനങ്ങളെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമീഷണർമാർ തന്നെ രംഗത്തുവന്നതിന് പിന്നാലെ പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങൾ. പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം 6നൊപ്പം നിയമവിരുദ്ധമായി ചോദ്യങ്ങൾ കൂട്ടിച്ചേർത്ത് മാറ്റങ്ങൾ വരുത്താൻ ടാറ്റ കൺസൾട്ടൻസി സർവിസസിന് (ടി.സി.എസ്) കമീഷനിൽ നിന്ന് നിർദേശം നൽകിയത് ആരാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. കർണാടകയിൽ മുസ്ലിം വോട്ടുകൾ വെട്ടിനിരത്താൻ ഫോം 7 വ്യാപകമായി ദുരുപയോഗിച്ചത് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്കെതിരെ നടപടിക്ക് കർണാടക തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി.
അതിനിടെ, ബംഗാളിൽ വോട്ടർ പട്ടിക പരിശോധന പൂർത്തിയാക്കി ജുഡീഷ്യൽ ഓഫിസർമാർ പുനഃസ്ഥാപിച്ച വോട്ടർമാരെപ്പോലും വീണ്ടും ഒഴിവാക്കാൻ അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ അപ്പീൽ നൽകിയ കാര്യം പുറത്തറിയിച്ച ജസ്റ്റിസ് ഇന്ദ്രജിത് ചാറ്റർജി എസ്.ഐ.ആർ അപ്പലറ്റ് ട്രൈബ്യൂണലിൽനിന്ന് രാജിവെച്ചു. അർഹരായ വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ നൽകിയ അപ്പീലുകൾ ചോദ്യം ചെയ്ത് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് രാജി. നവംബർ രണ്ടുമുതൽ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കൽക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലെ അപ്പലറ്റ് ട്രൈബ്യൂണൽ നമ്പർ 11ന്റെ അധ്യക്ഷനാണ് ഇന്ദ്രജിത് ചാറ്റർജി. ഒഡിഷയിൽ എസ്.ഐ.ആർ നടപടികൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ ആർ.എസ്. ഗോപാലൻ സ്വയം വിരമിക്കലിന് (വി.ആർ.എസ്) അപേക്ഷ നൽകി. സർവിസിൽ ഒന്നര വർഷത്തിലധികം കാലാവധി ബാക്കിനിൽക്കെ രാജിക്ക് അപേക്ഷ സമർപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം 6നൊപ്പം ചോദ്യങ്ങൾ കൂട്ടിച്ചേർത്തത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാർ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ്, മാറ്റങ്ങൾ വരുത്താൻ ടി.സി.എസിന് കമീഷനിൽനിന്ന് നിർദേശം നൽകിയത് ആരാണെന്നും കമ്പനിയിൽനിന്ന് ആരാണ് ഇതിന് അംഗീകാരം നൽകിയതെന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തുവന്നത്.
കർണാടകയിൽ എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് നീക്കാൻ ഫോം 7 വഴി നൽകിയ 4,000ത്തിലധികം അപേക്ഷകളിൽ ഭൂരിഭാഗവും മുസ്ലിം വോട്ടർമാരാണെന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഇത്തരം കൂട്ട അപേക്ഷകൾ എത്തിയത്. വോട്ടർമാരുടെ പേരുകൾ നേരത്തെ തന്നെ പ്രിന്റ് ചെയ്ത് തയാറാക്കിയ ഫോമുകളിൽ ആക്ഷേപം ഉന്നയിക്കുന്ന ആളുകളുടെ പേരുകൾ മാത്രം കൈപ്പടയിൽ എഴുതിയ നിലയിൽ കണ്ടെത്തി. ബെളഗാവി സിറ്റി കോർപറേഷൻ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടെത്തിയ രണ്ടുപേർ തങ്ങൾക്ക് മുന്നിൽ നൂറുകണക്കിന് ഫോം 7 അപേക്ഷകൾ ഒപ്പിടാനായി എത്തിച്ചതായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വെളിപ്പെടുത്തി.
സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഫോം 7 ദുരുപയോഗം ചെയ്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമരത്തിനിറങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, എസ്.എസ്. മല്ലികാർജുൻ, ഈശ്വർ ഖണ്ഡ്രെ, എം.ബി. പാട്ടീൽ തുടങ്ങിയവരും ഉപരോധത്തിൽ പങ്കെടുത്തു. ഗ്യാനേഷ് കുമാറിന്റെ അറിവില്ലാതെ ഇത്തരം നിയമവിരുദ്ധ നടപടികൾ നടക്കില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. എസ്.ഐ.ആർ മറവിൽ സംസ്ഥാനത്തുനിന്നും 45 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റാൻ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.