1920ൽ സുഭാഷ് ചന്ദ്രബോസ് സിവിൽ സർവീസ് പരീക്ഷ സംസ്കൃതത്തിൽ എഴുതി; യു.പി.എസ്.സി ശതാബ്ദി വേദിയിൽ മോദി
ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് സുഭാഷ് ചന്ദ്രബോസ് സിവിൽ സർവീസ് പരീക്ഷ എഴുതിയത് സംസ്കൃതത്തിലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എസ്.സിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
1920ൽ സുഭാഷ് ചന്ദ്രബോസ് സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമായി സംസ്കൃത പേപ്പർ എഴുതിയെന്ന് പരിപാടിയുടെ ഭാഗമായി ഒരുക്കിയ പ്രദർശന ഗാലറിയിൽനിന്ന് മനസിലാക്കിയതായി മോദി പറഞ്ഞു. ‘ഗാലറി കാണുമ്പോൾ, 1920ൽ സുഭാഷ് ചന്ദ്രബോസും ഇതേ പ്രക്രിയയിലൂടെ കടന്നുപോയ സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞാൻ കണ്ടു. ബ്രിട്ടീഷുകാർ അധികാരത്തിലിരുന്ന സമയത്ത് സംസ്കൃതത്തിൽ ഒരു ചോദ്യപേപ്പർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പരീക്ഷ എഴുതിയത് സംസ്കൃതത്തിലാണെന്നും മനസ്സിലായി’ -മോദി പറഞ്ഞു.
യു.പി.എസ്.സിയുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്രയിലെ മാറ്റങ്ങളെക്കുറിച്ചും മോദി പ്രസംഗത്തിൽ വിശദീകരിച്ചു. തലമുറകളും സർക്കാരുകളും സാങ്കേതികവിദ്യയും പരീക്ഷാ സിലബസുകളും മാറിയെങ്കിലും സ്ഥാപനത്തോടുള്ള വിശ്വാസം നിലനിന്നുവെന്നും മോദി പറഞ്ഞു. ‘നൂറ്റാണ്ട് നീണ്ട ഈ യാത്രയിൽ തലമുറകൾ മാറി, സർക്കാരുകൾ മാറി, സാങ്കേതികവിദ്യ മാറി, സിലബസുകൾ മാറി, എന്നിട്ടും യു.പി.എസ്.സിയിലുള്ള വിശ്വാസം ഇന്നും അചഞ്ചലമായി തുടരുന്നു’ -മോദി പറഞ്ഞു.
ഒരു നൂറ്റാണ്ട് പിന്നിട്ട യു.പി.എസ്.സി ഇനി രാജ്യത്തിന്റെ അടുത്ത 25 വർഷത്തെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. പൊതുസേവനത്തിലേക്ക് എത്തുന്ന യുവാക്കൾക്ക് അധികാരത്തേക്കാൾ പൊതുസേവനത്തോടായിരിക്കണം താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സർവീസ് പരീക്ഷ, ഉദ്യോഗാർഥിയുടെ അറിവ് മാത്രം പരിശോധിക്കുന്ന രീതിയിലാകരുതെന്നും പൊതുസേവനത്തിലേക്ക് എത്താനുള്ള അവരുടെ ലക്ഷ്യവും മനോഭാവവും വിലയിരുത്തേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
യു.പി.എസ്.സിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. യു.പി.എസ്.സിയുടെയും പബ്ലിക് സർവീസ് കമീഷനുകളുടെയും നയരൂപീകരണത്തെ സ്വാധീനിച്ച 100 സുപ്രധാന വിധികൾ ഉൾപ്പെടുത്തിയ പുസ്തകവും ചടങ്ങിൽ പുറത്തിറക്കിയിരുന്നു.
ഇന്ത്യയിലെ ആദ്യ പബ്ലിക് സർവീസ് കമീഷൻ 1926 ഒക്ടോബർ ഒന്നിനാണ് സ്ഥാപിതമായത്. സർ റോസ് ബാർക്കറായിരുന്നു ആദ്യ ചെയർമാൻ. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് പിന്നാലെ ഫെഡറൽ പബ്ലിക് സർവീസ് കമീഷൻ നിലവിൽ വന്നു. സ്വാതന്ത്ര്യം ലഭിച്ചശേഷം ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ ഫെഡറൽ പബ്ലിക് സർവീസ് കമീഷൻ യൂണിയൻ പബ്ലിക് സർവീസ് കമീഷനായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.