ആർ.എസ്.എസിനെതിരെ നിലപാട് കടുപ്പിച്ച് കർണാടക; സർക്കാർ സ്‌കൂളുകളിൽ സ്വകാര്യ പരിപാടി വിലക്കുന്ന പഴയ ഉത്തരവ് വീണ്ടും പുറത്തിറക്കി

ബംഗളൂരു: ആർ.എസ്.എസിനെതിരെ നിലപാട് കടുപ്പിച്ച് കർണാടക സർക്കാർ. സ്വകാര്യ ആവശ്യങ്ങൾക്കായി ഗവ. സ്‌കൂളുകളും മൈതാനങ്ങളും ഉപയോഗിക്കുന്നത് വിലക്കുന്ന പഴയ ഉത്തരവ് വ്യാഴാഴ്ച വീണ്ടും പുറത്തിറക്കി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ആർ.എസ്.എസ് പ്രവർത്തനത്തിൽ പങ്കാളികളാകുന്നത് നിരോധിക്കണമെന്ന് ഐ.ടി മന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ ആവശ്യ​​പ്പെട്ടിരുന്നു.

2013 ഫെബ്രുവരി ഏഴിലെ സർക്കുലറിലാണ് അക്കാദമിക പരിപാടികൾക്കല്ലാതെ സർക്കാർ സ്കൂളുകളോ മൈതാനങ്ങളോ വളപ്പുകളോ ഉപയോഗിക്കാൻ പാടി​ല്ലെന്ന് പറയുന്നത്. അന്നത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ എസ്.ആർ. ഉമാശങ്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ‘അക്കാദമികപരമോ വിദ്യാഭ്യാസപരമോ ആയ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾക്കായി സ്കൂൾ വളപ്പുകളോ മൈതാനങ്ങളോ ഉപയോഗിക്കരുത്. അത്തരം ആവശ്യങ്ങൾക്കായി അനുമതി നൽകരുതെന്നും, അതിനായുള്ള അപേക്ഷകൾ കമ്മീഷണറുടെ ഓഫിസിലേക്ക് അയക്കരുതെന്നും നിർദേശിക്കുന്നു" എന്നും സർക്കുലറിൽ പറയുന്നു.

ആർ.എസ്.എസ്. അടക്കമുള്ള സമാന സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കർശനമായി വിലക്കണമെന്ന് ഖാർഗെ നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.

ചട്ടമനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥനും രാഷ്ട്രീയ പാർട്ടികളിലോ രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന ഏതെങ്കിലും സംഘടനകളിലോ അംഗമാകാനോ അവയുമായി ബന്ധപ്പെടാനോ പാടില്ലെന്ന് പ്രിയങ്ക് ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവർത്തനത്തിലോ പങ്കെടുക്കുകയോ, അതിന് ധനസഹായം നൽകുകയോ, മറ്റ് രീതികളിൽ സഹായിക്കുകയോ ചെയ്യരുത്.

വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അടുത്ത കാലത്തായി സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ആർ.എസ്.എസ് പോലുള്ള സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, സംസ്ഥാനത്തെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആർ.എസ്.എസ് ഉൾപ്പെടെയുള്ള സമാന സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കർശനമായി വിലക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി​യോട് അഭ്യർഥിച്ചു. ഈ ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉചിതമായ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അടുത്തിടെ സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. ‘ആർ.എസ്.എസ് എന്ന സംഘടന സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പൊതു മൈതാനങ്ങളിലും ശാഖകൾ നടത്തുന്നുണ്ട്. അവിടെ മുദ്രാവാക്യങ്ങൾ വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നിഷേധാത്മകമായ ആശയങ്ങൾ കുത്തിവെക്കുകയും ചെയ്യുന്നുണ്ട്’ -മന്ത്രി കത്തിൽ എഴുതി. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനാ തത്വങ്ങൾക്കും എതിരാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ നിലപാടെടുത്തതിനെ തുടർന്ന് തനിക്ക് വധഭീഷണിയും സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ഫോൺ വിളിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഡിയോയും മന്ത്രി പങ്കുവെച്ചിരുന്നു. ഭീഷണിയെത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. അതേസമയം, ഖാർഗെയുടെ നിലപാടിനെ ബി.ജെ.പി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് ആർ.എസ്.എസിനെ നിരോധിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു.

Tags:    
News Summary - Kharge vs RSS: Karnataka reissues circular barring private use of govt school premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.