ബി.ജെ.പി അധികാരത്തിൽ വരുന്നത് തടഞ്ഞതാണ് എനിക്കെതിരെ ഇ.ഡി നടപടിക്ക് പിന്നിലെ പ്രധാന കാരണം -സഞ്ജയ് റാവത്ത്

മുംബൈ: 2019ൽ മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടഞ്ഞു എന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന്റെ പ്രധാന കാരണമെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ആ വർഷം അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറിനെതിരായ നീക്കം പ്രതിരോധിക്കാൻ താൻ ഒരു ‘സംരക്ഷണ മതിൽ’ ആയി നില കൊണ്ടുവെന്നും അതാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും റാവത്ത് തന്റെ പുസ്‍തകത്തിൽ അവകാശപ്പെട്ടു.

2022ൽ താക്കറെ സർക്കാർ തകർന്നതിന് തൊട്ടുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി റാവത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു.  ശേഷം ജയിലിലെ അനുഭവങ്ങളെക്കുറിച്ച് ‘നരകത്തിലെ സ്വർഗം’ എന്ന പേരിൽ പുസ്തകം എഴുതി.

‘ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെയാണ്. സർക്കാർ പ്രവർത്തിക്കണമെങ്കിൽ റാവത്ത് ജയിലിൽ കിടക്കണം എന്ന കാര്യത്തിൽ ഷിൻഡെയും അന്നത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഒന്നിച്ചിരിക്കണം’-അദ്ദേഹം അവകാശപ്പെട്ടു.

2019 ലെ തിരഞ്ഞെടുപ്പിൽ 288 അംഗ നിയമസഭയിൽ 105 സീറ്റുകൾ നേടിയിട്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നതിൽ ബി.ജെ.പിക്ക് വേദനയുണ്ടെന്നും റാവത്ത് പറഞ്ഞു. സേന ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയുമായി കൈകോർത്തതോടെ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് മത്സരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന ബി.ജെ.പിയുമായി പിരിഞ്ഞു. പിന്നീട്, അത് കോൺഗ്രസും അവിഭക്ത എൻ.സി.പിയും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയുടെ ഭാഗമായി. എം.വി.എ സർക്കാരിനെ നയിച്ചത് താക്കറെ ആയിരുന്നു.

സർക്കാരിന് 170 എം.എൽ.എമാരുടെ ഭൂരിപക്ഷമുള്ളതിനാൽ അവരുടെ ‘ഓപ്പറേഷൻ ലോട്ടസ്’ വിജയിക്കാൻ സാധ്യതയില്ലായിരുന്നു. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ യുദ്ധക്കളത്തിൽ ഇറങ്ങിയത്. ദേശ്മുഖ്, നവാബ് മാലിക്, സഞ്ജയ് റാവത്ത് എന്നിവരെ ലക്ഷ്യങ്ങളായി നിശ്ചയിച്ചിരുന്നുവെന്നും റാവത്ത് പറഞ്ഞു. ഫെഡറൽ ഏജൻസി ഒരു രാഷ്ട്രീയ അജണ്ട തീരുമാനിക്കുകയും മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യേണ്ട എം.വി.എ നേതാക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. പട്ടികയിൽ അനിൽ ദേശ്മുഖ്, നവാബ് മാലിക്, സഞ്ജയ് റാവത്ത് എന്നിവരുണ്ടെന്നും പുസ്തകം അവകാശപ്പെട്ടു. 

Tags:    
News Summary - Primary reason behind ED action against me was I stopped BJP from coming to power: Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.