കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത നിയന്ത്രണം. ഒക്ടോബർ 23, 24 തിയതികളിലാണ് രാഷ്ട്രപതി കോട്ടയത്തെത്തുക. കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി ശബരിമലയും സന്ദർശിക്കും. വാഹനഗതാഗതം വഴിതിരിച്ചുവിട്ടു. റോഡരികുകളിലെ പാർക്കിങ്ങും ഓട്ടോ, വഴിവാണിഭം, ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ എന്നിവയും നിരോധിച്ചു. ആംബുലൻസുകൾക്ക് പ്രത്യേകമായി റൂട്ട് നിശ്ചയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കും ട്രെയിൻ യാത്രക്കാർക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി.
രാഷ്ട്രപതി എത്തുന്ന വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ രാവിലെ ഏഴു വരെയും വെള്ളിയാഴ്ച പുലർച്ചെ 12.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് ഓട്ടോറിക്ഷകളും വഴിയരികിലെ പാർക്കിങ്ങും വഴിയോര വാണിഭവും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും നഗരത്തിൽ നിരോധിച്ചത്. കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 23ന് ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് ഏഴു വരെയും 24ന് രാവിലെ ആറു മുതൽ 11വരെയുമാണ് നിയന്ത്രണം.
നിയന്ത്രണങ്ങൾ ഇങ്ങനെ
പാലായിൽനിന്ന് വരുന്ന വാഹനങ്ങളുടെ നിയന്ത്രണം
1. പാലാ ഭാഗത്തുനിന്ന് കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ പാലാ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജങ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കു പോകണം.
2. തൊടുപുഴ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽനിന്നോ കൊല്ലപ്പള്ളിയിൽനിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.
3. പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ-സിവിൽസ്റ്റേഷൻ-ആർ.വി ജങ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകണം.
4. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ.കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക- വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജങ്ഷനിൽനിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര-അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകണം.
ആംബുലൻസ്, ആശുപത്രി വാഹനങ്ങളുടെ നിയന്ത്രണം
1. എം.സി റോഡിൽ തിരുവല്ല ഭാഗത്തുനിന്നു വരുന്ന ആംബുലൻസുകളും ആശുപത്രി സംബന്ധമായ മറ്റ് എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി മെഡിക്കൽ കോളജിൽ എത്തണം.
2. ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നു വരുന്ന ആംബുലൻസുകളും ആശുപത്രി സംബന്ധമായ മറ്റു വാഹനങ്ങളും ഇടയാഴം ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി മെഡിക്കൽ കോളജിൽ എത്തണം.
3. കെ.കെ. റോഡിൽനിന്നു വരുന്ന ആംബുലൻസുകളും മറ്റ് അടിയന്തിര വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി മെഡിക്കൽ കോളജിൽ എത്തണം.
4. പാല, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽനിന്നു വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴി മെഡിക്കൽ കോളജിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.