ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനിരയിലെ അനൈക്യങ്ങൾക്ക് ഉത്തരമായി എൻ.സി.പി നേതാവ് ശരദ് പവാർ സമവായ സ്ഥാനാർഥിയാവുമോ? തീർച്ചപ്പെടുത്താറായില്ലെങ്കിലും, പവാറിനെ പിന്തുണക്കുന്ന പാർട്ടികളുടെ എണ്ണം കൂടി വരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി ഒന്നിക്കാൻ മടിച്ചുനിൽക്കുന്നവർക്കും പവാറിന്റെ കാര്യത്തിൽ ഏകാഭിപ്രായം. പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സഖ്യങ്ങൾ ഉണ്ടാക്കാനും തന്ത്രങ്ങൾ മെനയാനും മിടുക്കൻ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ തലപ്പൊക്കവും ഭരണ-പ്രതിപക്ഷ നിരയിൽ വലിയ ബന്ധങ്ങളുമുള്ള മുതിർന്ന നേതാവാണ് ശരദ് പവാർ. അസംഭവ്യമെന്നു കരുതിയ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം സാധ്യമാക്കി ബി.ജെ.പിയെ മഹാരാഷ്ട്രയിലെ അധികാരത്തിൽനിന്ന് പുറത്താക്കിയതിനു പിന്നിൽ ശരദ് പവാറാണ് ചാലക ശക്തി.
സമ്മതം മൂളി പവാർ മുന്നോട്ടു വന്നാൽ ബി.ജെ.പി പ്രതിസന്ധിയിലാവും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നു മാത്രമല്ല, ബി.ജെ.പിക്ക് വലിയ വെല്ലുവിളിയും ഉയരും. ബി.ജെ.പിയും സഖ്യകക്ഷികളും ഒന്നിച്ചു നിൽക്കുമ്പോഴും ജയിക്കാൻ 13,000 വോട്ടുമൂല്യത്തിന്റെ കുറവ് ഇപ്പോഴുണ്ട്. പുറംപിന്തുണക്കാരായ വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി തുടങ്ങിയവർ സഹായിക്കുമെന്ന ഉത്തമ ബോധ്യത്തിലാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. എന്നാൽ, ഇവരുമായി പവാറിനും നല്ല ബന്ധമാണ്. എൻ.ഡി.എ സഖ്യത്തിനുള്ളിലുമുണ്ട് പവാറിന് സൗഹൃദം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വമേധയാ വിളിച്ച പ്രതിപക്ഷ നേതൃയോഗം ബുധനാഴ്ചയാണ്. ഇതിനിടയിൽ കോൺഗ്രസ് ചർച്ചകൾക്ക് നിയോഗിച്ച മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പവാറുമായി ബന്ധപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കും പ്രതിപക്ഷ ബദലിന് കച്ചകെട്ടിയ ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവുവിനും പവാറിനെ എതിർക്കാനാവില്ല. ഇതിനെല്ലാമിടയിൽ ഒരു പ്രശ്നം ബാക്കിയുണ്ട്. ജയം ഉറപ്പാക്കാതെ സ്ഥാനാർഥിയാകാൻ പവാർ തയാറായെന്നു വരില്ല. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ ബോധ്യങ്ങളിലാണ് സ്ഥാനാർഥിത്വത്തിന്റെ കിടപ്പ്.
സ്ഥാനാർഥിയാകാനില്ലെന്ന് പവാർ
മുംബൈ: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ, ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് പൊതുസമ്മതനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി നേതാക്കളും മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പവാർ നിലപാട് വ്യക്തമാക്കിയത്.
സ്ഥാനാർഥിയല്ല -നിതീഷ്
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതദൾ-യു നേതാവുമായ നിതീഷ് കുമാർ. മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് നിതീഷിന്റെ പ്രസ്താവന. ബിഹാർ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് രാഷ്ട്രപതിസ്ഥാനത്തേക്ക് സർവഥാ യോഗ്യനാണെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ശ്രാവൺകുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.