‘കുംഭമേളക്കിടെയും വ്യാജപ്രചാരണം നടത്താൻ നാണമില്ലേ?’; എ.ഐ ചിത്രമാണ് പ്രചരിക്കുന്നതെന്ന് പ്രകാശ് രാജ്

ചെന്നൈ: പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ താൻ പങ്കെടുത്തുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ പ്രകാശ് രാജ്. കുംഭമേള നടത്തുന്ന സമയത്തും ചിലർ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ലജ്ജാകരമാണെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.

'എന്തൊരു നാണക്കേട്... വിശുദ്ധ ചടങ്ങിനിടയിലും വ്യാജപ്രചാരണങ്ങൾ നടത്താൻ നാണമാകുന്നില്ലേ. ചിത്രങ്ങൾ പ്രചരിപ്പിച്ച തമാശക്കാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രത്യാഘാതങ്ങൾ നേരിടാൻ തയാറാകണം' -പ്രകാശ് രാജ് പറഞ്ഞു.

കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ പുണ്യജലത്തിൽ മുങ്ങുന്ന പ്രകാശ് രാജിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 'എല്ലാ പാപങ്ങളും ഇതോടെ തീരും' എന്ന തലക്കെട്ടിൽ പ്രശാന്ത് സംബർഗി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.

അതേസമയം, മഹാകുംഭമേളയിലുണ്ടായ തിക്കിലുംതിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ രംഗത്തെത്തി. സാധാരണക്കാരായ ഭക്തരെ ഒഴിവാക്കി വി.ഐ.പികളെ മാത്രം പരിഗണിച്ചതിനെ തുടർന്നുണ്ടായ ഭരണകൂട കെടുകാര്യസ്ഥതയാണ് ദുരന്തത്തിന്റെ ​മുഖ്യകാരണമെന്ന് ​പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.

പകുതി മാത്രം വെന്ത ക്രമീകരണങ്ങളാണ് കുംഭമേളയോട് അനുബന്ധിച്ച് യു.പി സർക്കാർ പ്രയാഗ് രാജിൽ ഒരുക്കിയതെന്നും അവർ സെൽഫ് പ്രമോഷൻ തിരക്കുകളിലായിരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.

Tags:    
News Summary - Prakash Raj Complaint Against Those Sharing His FAKE Maha Kumbh Photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.