മതിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുന്നു

തിരുപ്പൂരിലെ അയിത്ത മതിൽ പൊളിച്ചു; ഇനി ദലിതർക്കും പൊതുവഴി ഉപയോഗിക്കാം

ചെന്നൈ: തമിഴ്നാട് തിരൂപ്പൂർ അവിനാശിയിലെ അയിത്ത മതിൽ അധികൃതർ പൊളിച്ചുമാറ്റി. ഇതോടെ, ഗ്രാമത്തിലെ ദലിത് വിഭാഗക്കാർക്കും പൊതുവഴി ഉപയോഗിക്കാനാകും. വഴി അടച്ചതിനെതിരെ പ്രദേശത്തെ താമസക്കാർ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു.

അവിനാശിയിലെ സേവൂർ ഗ്രാമത്തിലാണ് ദലിതർ താമസിക്കുന്ന ദേവീന്ദ്ര നഗറിനും സവർണർ താമസിക്കുന്ന വി.ഐ.പി നഗറിനും ഇടയിലായി പൊതുവഴി തടഞ്ഞുകൊണ്ട് മതിൽ കെട്ടിയത്. നിരവധി ദലിത് കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന മേഖലയാണ് ദേവീന്ദ്ര നഗർ. വി.ഐ.പി നഗറിൽ സവർണ വിഭാഗക്കാർ സ്ഥലംവാങ്ങി വീടുവെച്ച് തുടങ്ങിയതോടെ പൊതുവഴി തടസ്സപ്പെടുത്തി ഒരു കിലോമീറ്ററോളം നീളത്തിൽ മതിൽ കെട്ടുകയായിരുന്നു. ഇതോടെ ദേവീന്ദ്ര നഗറിലെ ആളുകളുടെ സഞ്ചാരം തടസ്സപ്പെട്ടു. രണ്ട് കിലോമീറ്ററിലേറെ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടിവന്നു.

തുടർന്നാണ് തിരുപ്പൂർ ജില്ലാ കലക്ടർ ടി. ക്രിസ്തുരാജിന് പരാതി നൽകിയത്. ഭൂരേഖകൾ പരിശോധിക്കാൻ കലക്ടർ സബ് കലക്ടറെ ചുമതലപ്പെടുത്തി. മതില്‍ കെട്ടിയ റോഡ് പഞ്ചായത്തിന്റെതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി വേലുസാമി പറഞ്ഞു. ദലിത് കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ചെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ മാസം മതിൽ പൊളിക്കാൻ നോട്ടീസ് നൽകിയെങ്കിലും അവർ അതിന് തയ്യാറായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടോടെയാണ് അധികൃതർ ജെ.സി.ബിയുമായെത്തി മതിൽ ഒരു ഭാഗം പൊളിച്ചുനീക്കിയത്. മതിലിന്‍റെ ബാക്കിഭാഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തങ്ങൾ തന്നെ നീക്കുമെന്ന് വി.ഐ.പി നഗറിലെ താമസക്കാർ അറിയിച്ചു. 


അതേസമയം, തങ്ങളുടെ വീടുകളുടെ സുരക്ഷക്ക് വേണ്ടിയാണ് മതിൽ കെട്ടിയതെന്ന് വി.ഐ.പി നഗറിലെ താമസക്കാർ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാൻ തിങ്കളാഴ്ച യോഗം ചേരാനിരിക്കെ മതിൽ തിരക്കിട്ട് പൊളിക്കേണ്ട ആവശ്യമുണ്ടായിരുന്നോയെന്ന് ഇവർ ചോദിക്കുന്നു. 

Tags:    
News Summary - Portion of ‘untouchability wall’ in Tamil Nadu's Tiruppur district razed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.