ഡൽഹിയിൽ 4 നിലകൾക്ക് മുകളിലുള്ള അനധികൃത നിർമാണങ്ങൾ സീൽ ചെയ്യും; കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും തീരുമാനം

ന്യൂഡൽഹി: സത്യ നികേതനിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ നാല് നിലകളിൽ കൂടുതലുള്ള എല്ലാ അനധികൃത നിർമാണങ്ങളും ഉടൻ സീൽ ചെയ്യുമെന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഞായറാഴ്ച അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും അവരെ സർവിസിൽ നിന്ന് ഉടനടി പിരിച്ചുവിടുകയും ചെയ്യുമെന്നും എം.സി.ഡി വ്യക്തമാക്കി. ഉത്തരവുകൾ ഉടൻ പ്രാബല്യത്തിൽ വരും.

പേയിങ് ഗസ്റ്റ് താമസസൗകര്യമായി ഉപയോഗിച്ചിരുന്ന സത്യ നികേതനിലെ കെട്ടിടമാണ് ഞായറാഴ്ച  തകർന്നുവീണത്. കെട്ടിടം 1990കളിൽ നിർമിച്ചതെന്നാണ് റിപ്പോർട്ട്. എം.സി.ഡി റിപ്പോർട്ട് അനുസരിച്ച് സത്യ നികേതനിലെ P14 എന്ന തകർന്ന കെട്ടിടം ഏകദേശം 55 ചതുരശ്ര വാര വിസ്തൃതിയുള്ള പ്ലോട്ടിലാണ് സ്ഥിതി ചെയ്തിരുന്നത്. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും കൂടാതെ നാല് നിലകളും ഇതിലുണ്ടായിരുന്നു. 

തകർന്ന കെട്ടിടത്തിനെ കുറിച്ച് മുമ്പ് കേസുകൾ ഉള്ളതായോ സീൽ ചെയ്തതായോ ഉള്ള രേഖകളില്ലെന്നും ഇവിടെ നടന്നിരുന്ന പണികളെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടുമില്ലെന്നും എം.സി.ഡി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന് അംഗീകൃത നിർമാണ പ്ലാൻ ഉണ്ടായിരുന്നില്ലെന്നും ബേസ്മെന്റിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അനധികൃതമായിരുന്നുവെന്നും മുതിർന്ന നഗരസഭാ ഉദ്യോഗസ്ഥൻ പറഞ്ഞു.

കെട്ടിടം തകരാൻ ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. കെട്ടിട ഉടമ ഹരിറാം ബൻസാലിനും മറ്റുള്ളവർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിൽ നടന്നിരുന്ന നവീകരണ, നിർമാണ പണികൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. കെട്ടിട ഘടനയിൽ വരുത്തിയ മാറ്റങ്ങളോ, നിർമാണ പ്രവർത്തനങ്ങളോ, മറ്റ് നിയമലംഘനങ്ങളോ ആണോ കെട്ടിടത്തിന്‍റെ ബലം കുറച്ചതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Tags:    
News Summary - All unauthorized constructions above four stories in Delhi will be sealed immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.