സഹോദരനെക്കുറിച്ച് മോശം പരാമർശം; സഹോദരഭാര്യയെ കുത്തിക്കൊന്ന് വാട്ടർ ടാങ്കിലൊളിപ്പിച്ചു, യുവതി അറസ്റ്റിൽ
ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം സഹോദരനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് 21കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി യുവതി. ഇൻഡോറിലെ റാവുവിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം. കൊല്ലപ്പെട്ട വന്ദനയുടെ ഭർതൃ സഹോദരി പാർവതി ഭായ് കുശ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
കൊല്ലപ്പെട്ട വന്ദന അടുത്തിടെയാണ് ഉപേന്ദ്ര എന്ന യുവാവിനെ വിവാഹം കഴിച്ചത്. കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് ആഗസ്റ്റ് 11ന് ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തെ തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങൾ കാരണം ഇരുവരും വാടകവീട്ടിൽ താമസിക്കുകയായിരുന്നു.
സംഭവദിവസം രക്ഷാബന്ധൻ ആഘോഷത്തിനിടെയാണ് വന്ദനയും പാർവതിയും തമ്മിൽ തർക്കമുണ്ടായത്. പാർവതിയുടെ സഹോദരൻ ദമോഹ് ജയിലിൽ കഴിയുകയാണ്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലുള്ളത്. സഹോദരനെക്കുറിച്ചുള്ള വന്ദനയുടെ പരാമർശം പാർവതിയെ പ്രകോപിപ്പിക്കുകയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് തർക്കം അക്രമത്തിലേക്ക് മാറുകയായിരുന്നു.
ഇതിനിടെ പാർവതി കത്തി ഉപയോഗിച്ച് വന്ദനയുടെ കഴുത്തിൽ രണ്ടുതവണ കുത്തി. ഗുരുതരമായി പരിക്കേറ്റ വന്ദന സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം പുറത്തേക്ക് വലിച്ചുകൊണ്ടുപോയ പ്രതി വീടിന് പുറത്തുള്ള വെള്ള ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.
ന്യൂ നെഹ്‌റു നഗറിലെ പൂട്ടിക്കിടന്ന വീടിന് പുറത്തുള്ള വാട്ടർ ടാങ്കിലാണ് വന്ദനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം വന്ദനയെ കാണാനില്ലെന്ന് കാണിച്ച് ചന്ദൻ നഗർ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പാർവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെത്തിയത്. സംഭവസമയത്ത് പ്രതിയുടെ കുട്ടികൾ സ്കൂളിലായിരുന്നു. ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം പാർവതി ഭർത്താവിനെ കാണാൻ ആശുപത്രിയിലെത്തിയതായും പൊലീസ് പറഞ്ഞു.
ഭർത്താവിനെ പ്രവേശിപ്പിച്ചിരുന്ന അരബിന്ദോ ആശുപത്രിയിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടിലായിരുന്നു പാർവതി. എന്നാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. കൃത്യത്തിന് ഉപയോഗിച്ച കത്തിയിൽ വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞതോടെ പാർവതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.