യു.പിയിൽ സംഘർഷത്തിൽ പരിക്കേറ്റ ദലിത് യുവാവ് മരിച്ചു; ഹാപുരിൽ സംഘർഷാവസ്ഥ

ഹാപുർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിലെ ബദ്നൗലി ഗ്രാമത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും പരിക്കേറ്റ ദലിത് യുവാവ് ചികിത്സക്കിടെ മരിച്ചു.

26കാരനായ ദീപകാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സംഘർഷത്തിൽ മനീഷ്, ബണ്ടി, മുനേഷ് എന്ന സ്ത്രീ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തർക്കം വെടിവെപ്പിലും കല്ലേറിലും കലാശിച്ചത്.

മുൻ ഗ്രാമത്തലവൻ അമർപാലിന്റെ മകൻ സന്ദീപ് ചൗധരിയുടെ കുടുംബവും അൻഷ് എന്ന പ്രദേശവാസിയും തമ്മിൽ രണ്ടുവർഷമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പരാമർശങ്ങളും ജിമ്മുമായി ബന്ധപ്പെട്ട തർക്കവുമാണ് പ്രശ്നത്തിന് തുടക്കമിട്ടതെന്നാണ് വിവരം. സംഭവത്തിൽ നേരത്തേ കേസെടുത്തിരുന്നു.

ദീപകിന്റെ മരണത്തെ തുടർന്ന് ഗ്രാമത്തിലെ സുരക്ഷ ശക്തമാക്കിയതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് വിനീത് ഭട്നാഗർ പറഞ്ഞു. സമാധാനം പാലിക്കാൻ ഇരുവിഭാഗങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ബി.എസ്.പി അധ്യക്ഷയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Dalit Youth Dies In UP Hapur Clash, 6 Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.