പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി, മൊഴിയെടുത്തത് ആറ് വർഷങ്ങൾക്ക് ശേഷം, വൈകിയത് സാ​​ങ്കേതിക തടസമെന്ന് ബി.ജെ.പി

ഭോപാൽ: ഭോപാലിലെ ഇഖ്ബാൽ മൈതാനിയിൽ നടന്ന റാലിയിൽ ആയിരക്കണക്ക് ആളുകളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറ് വർഷങ്ങൾക്ക് ശേഷം മൊഴിയെടുക്കൽ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കേസിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലും വൈകിയത് നടപടി ക്രമങ്ങളുടെ തടസം മൂലമാണെന്ന് ബി.ജെ.പി.

അന്ന് സമാജ്‍വാദി പാർട്ടി പ്രവർത്തകനായിരുന്ന ഷംസുൽ ഹസൻ ബല്ലി എന്നയാളാണ് സംഭവത്തിൽ പരാതി നൽകിയത്. ഓഡിയോ, വിഡിയോ തെളിവുകൾ സഹിതം പരാതി സംസ്ഥാന സർക്കാരിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അയച്ചിരുന്നു. എന്നാൽ പരാതി നൽകിയിട്ടും നടപടി ഒന്നും ഒന്നും സ്വീകരിക്കാതിരുന്ന പൊലീസ് ആറു വർഷങ്ങൾക്ക് ശേഷമാണ് മൊഴി രേഖപ്പെടുത്താൻ പരാതിക്കരനെ ​സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

നിലവിൽ സനുക്ത സംഘർഷ് മോർച്ചയുടെ സംസ്ഥാന പ്രസിഡന്റാണ് ഷംസുൽ ഹസൻ ബല്ലി. മൊഴിയെടുക്കാനായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ പൊലീസ് വിളിപ്പിച്ചത്.

'പ്രധാനമന്ത്രിയെ വേദിയിൽ നിന്ന് അധിക്ഷേപിച്ചു. ആരും ഭരണഘടനയേക്കാൾ വലുതല്ല. അദ്ദേഹം നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിനെതിരെ അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. ഞാൻ ഗവർണർ, ഡിജിപി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി അയച്ചിരുന്നു. എന്നാൽ ശ്യാമള ഹിൽസിൽ നിന്നുള്ള പരാതി പൊലീസ് സ്റ്റേഷനിൽ എത്താൻ ആറ് വർഷമെടുത്തു' എന്നാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ബല്ലി പറഞ്ഞത്.

2016-ൽ .എ.ഐ.എം.സി ഭോപാലിൽ നടത്തിയ ആദ്യത്തെ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു പരിപാടിയിലാണ് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപമുണ്ടായത്. ഇപ്പോൾ കോൺഗ്രസ് എം.എൽ.എയായ ആരിഫ് മസൂദാണ് മോദിയെ വേദിയിൽ അധിക്ഷേപിച്ചതെന്നാണ് ആരോപണം.

എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു. 'ഡസൻ കണക്കിന് ആളുകൾ അന്ന് വേദി പങ്കിട്ടിരുന്നു, എന്നാൽ ആരിഫ് മസൂദ് ഇന്ന് കോൺഗ്രസിൽ നിന്നുള്ള എംഎൽഎ ആയതിനാൽ, അദ്ദേഹത്തെ ലക്ഷ്യമിടുന്നു. ഇത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണ്. 2018 ൽ പൊതുജനങ്ങൾ മധ്യപ്രദേശിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കി. ഈ പ്രതികാര നയം തുടർന്നാൽ അവരെ വീണ്ടും പുറത്താക്കും' - അബ്ബാസ് ഹാഫിസ് പറഞ്ഞു.

അതേസമയം, പരാതി പരിഗണിക്കുന്നതിനുള്ള കാലതാമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബി.ജെ.പി വക്താവ് പങ്കജ് ചതുർവേദി പറഞ്ഞത് ഇതൊരു ഭരണപരമായ നടപടിയാണ് എന്നാണ്. നിയമം അതിന്റെ വഴിക്ക് പോകും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. ആറ് വർഷമെടുത്തത് കൊണ്ട് അശ്രദ്ധയുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനു മുന്നോടിയായി കോൺഗ്രസുകാർക്കെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേസുകൾ കുത്തിപ്പൊക്കുന്നതെന്നാണ് കോൺഗ്രസ് പക്ഷം. 

Tags:    
News Summary - PM Modi Was Abused, Said Complaint. 6 Years Later, Cops Record Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.