പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം വേഗത്തിലാക്കി 2026ലെ കേന്ദ്ര ബജറ്റ്. പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വൻ വിജയമായതിന് പിന്നാലെ, സി.എൻ.ജി (CNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് (CBG) കലർത്തുന്നത് സർക്കാർ നിർബന്ധമാക്കി. വാഹന വിപണിയെയും ഊർജ്ജ മേഖലയെയും ഒരുപോലെ സ്വാധീനിക്കുന്ന നിർണ്ണായക പ്രഖ്യാപനമാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്.
പെട്രോളിൽ 20% എഥനോൾ കലർത്തുന്ന (E20) പദ്ധതിക്ക് ശേഷം ഇന്ത്യ നടപ്പിലാക്കുന്ന രണ്ടാമത്തെ വലിയ ഇന്ധന പരിഷ്കാരമാണിത്. ഗതാഗതത്തിനുള്ള സി.എൻ.ജിയിലും വീടുകളിലെ ആവശ്യത്തിനുള്ള പി.എൻ.ജി (PNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് കലർത്തും. ഇത് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി കുറയ്ക്കാനും സഹായിക്കും. കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കുന്നത് വഴി കർഷകർക്ക് അധിക വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കും.
ഇലക്ട്രിക് വാഹന (EV) വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മാണ മേഖലയ്ക്കും ചാർജിങ് ഇൻഫ്രാസ്ട്രക്ചറിനും കൂടുതൽ പിന്തുണ ബജറ്റ് വാഗ്‌ദാനം ചെയ്യുന്നു. പൊതുഗതാഗതത്തിനായി കൂടുതൽ ഇ-ബസുകൾ നിരത്തിലിറക്കും. ഇതിനായി കെ.എസ്.ആർ.ടി.സി പോലുള്ള പൊതുഗതാഗത സ്ഥാപനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ കൊണ്ടുവരും.
ബാറ്ററി നിർമ്മാണത്തിനുള്ള ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ഇ-വാഹന ബാറ്ററി നിർമാണത്തിന് ആവശ്യമായ 35 അധിക യന്ത്രോപകരണങ്ങളെ ഇറക്കുമതി തീരുവയിൽ (Customs Duty) നിന്ന് ഒഴിവാക്കി. മൊബൈൽ ഫോൺ ബാറ്ററി നിർമാണത്തിനുള്ള 28 ഉപകരണങ്ങൾക്കും ഈ ഇളവ് ബാധകമാണ്. ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്ന കൊബാൾട്ട്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങിയ 16 പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി.
സി.എൻ.ജിയിൽ കലർത്തുന്ന ബയോഗ്യാസിന്റെ മൂല്യത്തിന് എക്സൈസ് ഡ്യൂട്ടി ഈടാക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് ക്ലീൻ ഫ്യുവൽ ഉപയോഗിക്കുന്നവർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.