1. നിർമല സീതാരാമൻ  2. കെ.സി. വേണുഗോപാൽ

'ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ' -കെ.സി വേണുഗോപാൽ

ന്യൂഡൽഹി: വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. യുവാക്കൾക്കു വേണ്ടി ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളോ ബജറ്റ് വിഹിതമോ ഒന്നുമില്ല. കർഷകർക്ക് തീർത്തും നിരാശാജനകമായ ബജറ്റാണിത്. മിനിമം സപ്പോർട്ട് പ്രൈസ് നിയമപരമാക്കുക എന്ന ദീർഘകാല ആവശ്യം അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റുകളിൽ പറഞ്ഞ കുറെ വാചകങ്ങൾ പുതിയ ഡിസൈനിൽ, 'കർത്തവ്യപഥത്തിൽ നിന്നും ഉണ്ടാക്കിയ ബജറ്റ്' എന്നൊക്കെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു എന്നല്ലാതെ കാതലായ ഒന്നുമില്ല.

ഏറ്റവും സങ്കടകരമായ കാര്യം, കേരളത്തെ ഈ ബജറ്റ് പൂർണമായി അവഗണിച്ചു എന്നതാണ്. 2013-14ൽ യു.പി.എ സർക്കാർ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് 13 വർഷം കഴിഞ്ഞിട്ടും, രാജ്യവ്യാപകമായി നിരവധി എയിംസുകൾ അനൗൺസ് ചെയ്തിട്ടും, ഈ ബജറ്റിലും നൽകിയില്ല. ഏറ്റവും സാധ്യതകളുള്ള ആരോഗ്യം, ടൂറിസം, ആയുർവേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകൾക്ക് കേരളത്തിന് മാത്രമായി ഒരു പദ്ധതിയും ഇല്ല. ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ കാര്യത്തിൽ ഇ. ശ്രീധരൻ വലിയ പ്രതീക്ഷയാണ് നൽകിയത്. അദ്ദേഹം കേന്ദ്രമന്ത്രിയുമായി സംസാരിച്ചിരുന്നു. പക്ഷേ ഇന്ത്യയിലെ ഏഴിടങ്ങളിൽ ഹൈ സ്പീഡ് കോറിഡോർ അനുവദിച്ചിട്ടും കേരളത്തിലില്ല. ബി.ജെ.പി സർക്കാർ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണിത്.

ധാതുമണൽ പ്രത്യേക കോറിഡോറിന്റെ കാര്യത്തിൽ കേരളത്തിന് ആശങ്കകളുണ്ട്. ഇപ്പോൾ ധാതുമേഖലയിലേക്ക് സർക്കാരിന്റെ ഇഷ്ടപ്പെട്ട കോർപ്പറേറ്റുകൾ കടന്നു വന്നിട്ടുണ്ട്. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്ക് മാത്രമാണ്. ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങൾ വന്നാൽ മാത്രമേ ഇതിന്റെ പിന്നിൽ ചതിക്കുഴികൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റൂ. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കുന്ന രീതിയിൽ, നമ്മുടെ ആവാസ വ്യവസ്ഥയെ തകർത്ത് സ്വകാര്യ മേഖലയ്ക്ക് മണൽ ഖനനം ചെയ്യാൻ അനുമതി നൽകുന്നതാണോ എന്ന് അറിയേണ്ടതുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്, ഇതുവരെ കൊടുത്ത പദ്ധതികൾ പോലും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നില്ല, പിന്നെ എങ്ങനെ കൂടുതൽ പദ്ധതികൾ കൊടുക്കും എന്നാണ്. ബി.ജെ.പി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാം നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ വീണ്ടും പദ്ധതികൾ കൊടുത്തത്? അവിടെയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്.

തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാത്തതിന്റെ പേരിൽ ഒരു ഗവൺമെന്റിനെയും കുറ്റപ്പെടുത്താൻ അവർക്ക് അധികാരമില്ല. ബജറ്റിലെ അവഗണന തിരുത്താൻ ബി. ജെ.പി പ്രസിഡന്റ് അടിയന്തരമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ കേരളത്തിന്റെ ശബ്ദം അതിശക്തമായി പാർലമെന്റിൽ ഉയരും. നന്ദി പ്രമേയ ചർച്ചയിലും ബജറ്റ് ചർച്ചയിലും ശക്തമായിട്ടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

Tags:    
News Summary - Union Budget, KC Venugopal Critisise Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.