കേരളത്തിന് അതിവേഗ പാതയില്ല; തമിഴ്നാടിന് രണ്ട് ഹൈ സ്പീഡ് റെയിൽ ഇടനാഴി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ചെന്നൈ മുതൽ ന്യൂഡൽഹി വരെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് ​അതിവേഗ റെയിലുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞ നിന്ന കേരളത്തിന്റെ അതിവേഗ റെയിൽ പാതയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ രാജ്യത്തെ വൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏഴ് അതിവേഗ റെയിൽ ഇടനാഴിയാണ് പ്രഖ്യാപിച്ചത്. 

മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, കേരളത്തിൽ നിന്നുള്ള എം.പിമാർ ‘കേരളം, കേരളം..’ എന്ന സഭയിൽ ഒച്ചവെച്ചതും ശ്രദ്ധേയമായി.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തെ അവഗണിച്ചപ്പോൾ ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാടിനെ വാരിപ്പുണർന്നു. പ്രഖ്യാപിച്ച ഏഴ് ​അതിവേഗ റെയിൽ ഇടനാഴിയിൽ രണ്ടെണ്ണമാണ് തമിഴ്നാടിനായി അനുവദിക്കുന്നത്. ഹൈദരാബാദ് -ചെന്നൈ, ചെന്നൈ-ബംഗളൂരു എന്നിവടങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് മറ്റു പാതകൾ.

കേരള സർക്കാറിന്റെ സിൽവർ റെയിൽ (കെ. റെയിൽ) പദ്ധതി മുടങ്ങിയതോടെ, മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ കേന്ദ്ര സർക്കാർ മു​ൻകൈയെടുത്ത് വരുന്നുവെന്നായിരുന്നു വാർത്തകൾ. കേന്ദ്രത്തിന്റെ ആശീർവാദത്തോടെയുള്ള പദ്ധതിയുടെ ഡി.പി.ആർ പൂർത്തിയാക്കാനുള്ള നടപടികളും ഇ ശ്രീധരൻ തുടക്കം കുറിച്ചിരുന്നു. ഇതിനിടെ, കേന്ദ്രത്തെയും ഇ. ശ്രീധരനെയും വെട്ടി സംസ്ഥാന സർക്കാർ റാപ്പിഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ വിവാദവുമായി.

ഇതോടെ ബജറ്റിൽ സർക്കാറിന്റെ പ്രഖ്യാപനമുണ്ടാവുന്നെ കാത്തിരിപ്പിനിടെയാണ് കേരള അതിവേഗ റെയിലിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ മന്ത്രിയുടെ ബജറ്റ് അവതരണം നടന്നത്.

Tags:    
News Summary - Kerala has no high-speed rail; Tamil Nadu has two high-speed rail lines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.