ചെന്നൈ\ബംഗളൂരു: അയ്യപ്പ ഭക്തർ ഏറെയുള്ള ദക്ഷിണേന്ത്യയിൽ ശബരിമല വിഷയം വോട്ടാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിശ്വാസ പ്രശ്നം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ കർശന വിലക്കുണ്ടായിരിക്കെ കേരളത്തിൽ അതേക്കുറിച്ച് പറയാെത പറഞ്ഞ മോദി ശനിയാഴ്ച തമിഴ്നാട്ടിലെ രാമനാഥപുരത്തും കർണാടകയിലെ മംഗളൂരുവിലും ബംഗളൂരുവിലും നടത്തിയ പ്രസംഗങ്ങളിൽ ശബരിമല വിഷയമുയർത്തി.
ശബരിമല വിഷയത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും അപകടകരമായി കളിക്കുന്നതായി ശനിയാഴ്ച ഉച്ചക്കുശേഷം രാമനാഥപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി ആരോപിച്ചു. ഇഷ്ടദൈവമായ അയ്യപ്പനെ കുറിച്ച് പരാമർശിക്കാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നും ശബരിമലയെപ്പറ്റി പറഞ്ഞാൽ ലാത്തിയടിയും ജയിൽവാസവുമാണ് ശിക്ഷയെന്നുമാണ് മോദി മംഗളൂരുവിൽ പറഞ്ഞത്. ബി.ജെ.പി സ്ഥാനാർഥിയെ ജയിലിലടച്ച സർക്കാറാണ് കേരളത്തിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശനിയാഴ്ച തേനിയിൽ ശബരിമല വിഷയം പരാമർശിക്കാതിരുന്ന മോദി മുസ്ലിംലീഗ് മത്സരിക്കുന്ന തമിഴ്നാട്ടിലെ ഏക ലോക്സഭ മണ്ഡലമായ രാമനാഥപുരത്ത് വിഷയം ആളിക്കത്തിക്കുകയായിരുന്നു. ഏപ്രിൽ ഒമ്പതിന് മൈസൂരുവിൽ നടന്ന റാലിയിലും മോദി ശബരിമലയെ കുറിച്ച് പരാമർശിച്ചിരുന്നു.
കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് മോദി വെള്ളിയാഴ്ച കോഴിക്കോട്ടും ആവർത്തിച്ചിരുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും വിശ്വാസത്തെ തകർക്കാമെന്നാണെങ്കിൽ െതറ്റിപ്പോയി. വിശ്വാസ സംരക്ഷണത്തിന് നേരെയുള്ള അക്രമം അനുവദിക്കില്ലെന്നും ബി.ജെ.പി ഉള്ളിടത്തോളം കാലം ആചാരാനുഷ്ഠാനങ്ങൾ തകർക്കാനാവില്ലെന്നും ശബരിമല വിഷയം സൂചിപ്പിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.